എച്ച്1 എന്‍1: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
കോട്ടയം: എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രതപാലിക്കണമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസര്‍. ജനുവരി മുതല്‍ ഇതുവരെ 26 എച്ച്1 എന്‍1 കേസുകളാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഔദ്യോഗികമായി മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. കോട്ടയം സ്വദേശിയായ വ്യക്തിക്ക് കേരളത്തിന് പുറത്തുവച്ച് എച്ച്1 എന്‍1 ബാധിച്ച് മരിച്ചതായി റിപോര്‍ട്ടുണ്ട്.
എങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനിബാധിതരായി ആശുപത്രിയിലെത്തുന്നവര്‍ക്ക് പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഡി.എം.ഒ ഡോ.ജേക്കബ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഴ വര്‍ധിച്ചതോടെ പകര്‍ച്ചപ്പനിയുടെ എണ്ണത്തിനും വര്‍ധനവുണ്ടായിട്ടുണ്ട്.
വൈറല്‍പ്പനി ബാധിച്ച് ഓരോ ദിവസവും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ജൂണ്‍, ജൂലൈ മാസമാവുമ്പോള്‍ പ്രതിദിന പനിബാധിതരുടെ എണ്ണം 600- 650 എണ്ണത്തിലെത്താനാണ് സാധ്യത. ഡെങ്കിപ്പനി ബാധ തടയുന്നതിന് കൊതുകുകള്‍ വളരുന്ന സാഹചര്യങ്ങളില്ലാതാക്കണം.
വൈറസില്‍നിന്നുണ്ടാവുന്ന എച്ച്1 എന്‍1 രോഗം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയും സൂക്ഷ്മകണങ്ങളില്‍ പതിച്ച പ്രതലങ്ങളില്‍നിന്ന് കൈകളിലൂടെയുമാണ് പകരുന്നത്. രോഗപ്രതിരോധശേഷി കുറവുള്ളവര്‍ക്കാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. പ്രധാനമായും ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, വൃക്ക- കരള്‍രോഗം ബാധിച്ചവര്‍, ദീര്‍ഘകാല ചികിത്സയിലിരിക്കുന്ന ഹൃദ്രോഗികള്‍, രക്തസമ്മര്‍ദം, കാന്‍സര്‍, എച്ച്.ഐ.വി എയ്ഡ്‌സ് ബാധിതര്‍ എന്നിവരാണ് ഈ ഗണത്തില്‍പ്പെടുന്നവര്‍.
രോഗബാധയുണ്ടാവാതിരിക്കാന്‍ പൊതുസ്ഥലത്ത് പോയശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. കൃത്യസമയത്ത് ആഹാരം കഴിക്കുകയും പോഷകഗുണമുള്ള ചൂട് പാനീയങ്ങള്‍ ഇടവിട്ട് കുടിക്കുകയും ചെയ്യണം. ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന വൈറ്റമിനുകള്‍ അടങ്ങിയ പപ്പായ, മാങ്ങ, നെല്ലിക്ക, ഇലക്കറികള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രിയ, ഡോ.വ്യാസ് സുകുമാരന്‍, ഡോ.ബാലചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."