എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിനു തുടക്കം
കണ്ണൂര്‍: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിനു തുടക്കമായി. പൊലിസ് മൈതാനിയിലെ ഹബീബ് സ്‌ക്വയറില്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ.അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്തു. സമുദായ ഐക്യവും മറ്റു സമൂഹങ്ങളിലെ നന്മയുമാണു മുസ്‌ലിം ലീഗിന്റെയും എം.എസ്.എഫ് അടക്കമുള്ള പോഷക സംഘടനകളുടെയും ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഓരോ പ്രവൃത്തിയും ചലനവും മറ്റുള്ളവര്‍ക്കു നന്മചെയ്യുന്നതാകണമെന്നും ഇ.അഹമ്മദ് പറഞ്ഞു.
രോഹിത് വെമുല സംഭവത്തിലെ പ്രതിഷേധം ശരിയായ രീതിയില്‍ കാംപസുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്നു മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വെമുലയുടെ ആത്മാവിനോടു നന്ദിപറയേണ്ട രീതിയില്‍ വിഷയം കാംപസുകള്‍ ഏറ്റെടുത്തിട്ടില്ല. ഗാന്ധിയന്‍, നെഹ്‌റുവിയന്‍ ചിന്തകള്‍ ഇവിടെ ബാക്കിവയ്ക്കാന്‍ പാടില്ലെന്ന ധാര്‍ഷ്ട്യമാണു കേന്ദ്രസര്‍ക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടി.പി അഷ്‌റഫലി അധ്യക്ഷനായി. മോദികാലത്തെ ദേശീയതയും വിദ്യാഭ്യാസ പരിഷ്‌കരണവും എന്ന വിഷയത്തില്‍ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും ബഹുസ്വരതയുടെ ഇന്ത്യ എന്ന വിഷയത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, നടന്‍ സലീംകുമാര്‍, ഡോ. അഷ്‌റഫ് കടയ്ക്കല്‍ എന്നിവരും ആഗോള മുസ്‌ലിം രാഷ്ട്രീയം എന്ന വിഷയത്തില്‍ പി.കെ ഫിറോസ്, ഡോ. എം.ബി മനോജ് എന്നിവരും സംസാരിച്ചു.
1937 മുതല്‍ 2016 വരെയുള്ള എം.എസ്.എഫ് ചരിത്രഗ്രന്ഥം കെ.പി.എ മജീദിനു നല്‍കി ഇ. അഹമ്മദ് പ്രകാശനം ചെയ്തു. പി.കെ.കെ ബാവ, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, എം.സി മായിന്‍ ഹാജി, സി. മോയിന്‍കുട്ടി, അബ്ദുറഹ്മാന്‍ കല്ലായി, പി.എം സാദിഖലി, സി.കെ സുബൈര്‍, പി. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, വണ്ടൂര്‍ അബൂബക്കര്‍, ടി.പി.വി കാസിം, അഡ്വ. കെ.എന്‍.എ ഖാദര്‍, പി.ജി മുഹമ്മദ് സംസാരിച്ചു. പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണവും കെ.എം ഷാജി എം.എല്‍.എ സമാപന പ്രഭാഷണവും നിര്‍വഹിച്ചു.
ഇന്നുരാവിലെ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. 9262 പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."