വി.എസിനെതിരേ തുറന്നടിച്ച് മൂന്നാര്‍ 'കരിമ്പൂച്ച' പടിയിറങ്ങുന്നു
തിരുവനന്തപുരം: വി.എസ് സര്‍ക്കാരിന്റെ കാലത്തു നടന്ന മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ ദൗത്യം നയിച്ച ഉദ്യോഗസ്ഥരിലൊരാളായ കെ. സുരേഷ്‌കുമാര്‍ ഐ.എ.എസ് ഇന്ന് സര്‍വിസില്‍ നിന്നു സ്വയം വിരമിക്കും. രണ്ടു വര്‍ഷം സേവനകാലാവധി ബാക്കിവച്ചാണ് സുരേഷ്‌കുമാര്‍ ഔദ്യോഗികജീവിതത്തോടു വിടപറയുന്നത്.
മൂന്നാര്‍ ദൗത്യം നിര്‍ത്തിവയ്പ്പിച്ചത് വി.എസ് തന്നെയായിരുന്നെന്ന് തുറന്നടിച്ചുകൊണ്ടാണ് പടിയിറക്കം. പുതിയ സര്‍ക്കാരിന് അനഭിമതനായിരിക്കുമെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം നേരത്തെ തന്നെ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ വി.എസ് നിയോഗിച്ച സംഘത്തെ നയിച്ച മൂന്നു 'കരിമ്പൂച്ച'കളില്‍ ഒരാളായിരുന്നു സുരേഷ്‌കുമാര്‍. അന്നത്തെ ഇടുക്കി ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമിയും ഐ.ജിയായിരുന്ന ഋഷിരാജ്‌സിങുമായിരുന്നു മറ്റു രണ്ടു 'കരിമ്പൂച്ച'കള്‍. ഭീഷണികള്‍ക്കു വഴങ്ങാതെ മൂന്നാറില്‍ സ്വീകരിച്ച നടപടികള്‍ കാരണം സി.പി.ഐ നേതൃത്വത്തിനും സി.പി.എം ഔദ്യോഗിക നേതൃത്വത്തിനും സുരേഷ്‌കുമാര്‍ അനഭിമതനായി. അദ്ദേഹത്തെ ഔദ്യോഗിക ഭാഷാവകുപ്പിലേക്കു മാറ്റാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് നിര്‍ബന്ധിതനായി.
രാഷ്ട്രീയകാരണങ്ങളാല്‍ ദൗത്യം അലസിപ്പോയെങ്കിലും അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്തതും കര്‍ക്കശവുമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ലോട്ടറി ഡയറക്ടര്‍ ആയിരിക്കെ ഇതരസംസ്ഥാന ലോട്ടറിക്കമ്പനികളെയും ഓണ്‍ലൈന്‍ ലോട്ടറിക്കാരെയും സംസ്ഥാനത്തു നിന്ന് കെട്ടുകെട്ടിക്കുന്നതിലും ഇതേ നിലപാടു തന്നെ സ്വീകരിച്ചു. ഡി.പി.ഇ.പിയുടെ പ്രഥമ ഡയറക്ടറായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, എസ്.സി.ഇ.ആര്‍.ടി, മലയാളം മിഷന്‍ എന്നിവയുടെ ഡയറക്ടര്‍ സ്ഥാനവും വഹിച്ചു. വി.എസ് മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ സെക്രട്ടറിയുമായിരുന്നു. അന്ന് സി.പി.എമ്മിനുള്ളില്‍ നടന്ന വി.എസ്- പിണറായി പോരില്‍ പല ഘട്ടങ്ങളിലും സുരേഷ്‌കുമാറിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.
11 മാസമായി അവധിയിലാണ്. സി.പി.എം ഔദ്യോഗിക നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നാല്‍ കാര്യമായ ചുമതലയില്ലാതെ തുടരേണ്ടിവരുമെന്നു മുന്‍കൂട്ടിക്കണ്ടാണ് നാലു മാസം മുന്‍പ് സ്വയംവിരമിക്കലിന് അപേക്ഷ നല്‍കിയത്. 1989ലാണ് ഐ.എ.എസ് ലഭിച്ചത്. സര്‍വിസ് 25 വര്‍ഷം കടന്നാല്‍ സ്വയം വിരമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. അപേക്ഷയില്‍ ഔദ്യോഗിക ഭാഷാവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു.
മൂന്നാര്‍ ദൗത്യം നിര്‍ത്തിവപ്പിച്ചത് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ തന്നെയായിരുന്നെന്ന് സുരേഷ്‌കുമാര്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. സി.പി.ഐ, സി.പി.എം നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് വി.എസ് ദൗത്യം നിര്‍ത്താന്‍ തയാറായത്. മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയ ഭൂമി ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സി.പി.ഐയുടെ സമ്മര്‍ദമുണ്ടായത്. താന്‍ സി.പി.ഐ നേതാക്കളുമായി ധാരണയിലെത്തിയതായി വി.എസ് പറഞ്ഞിരുന്നെന്നും സുരേഷ്‌കുമാര്‍ വ്യക്തമാക്കി. പി.എസ്.സി മുന്‍ അംഗവും ദലിത് നേതാവുമായിരുന്ന പരേതനായ കെ.വി കുമാരന്റെ മകനാണ് സുരേഷ്‌കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."