എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
കാസര്‍കോട്: വിദഗ്ധ ഡോക്ടര്‍മാരുടേയോ അഭിഭാഷകരുടേയോ പിന്‍ബലത്തോടെ സ്വന്തം പരാതികള്‍ മതിയാവണ്ണം സമര്‍പ്പിക്കാന്‍ പ്രാപ്തിയില്ലാത്ത എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ ആവശ്യങ്ങളില്‍ നിയമാനുസൃത തീര്‍പ്പു കല്‍പ്പിക്കാന്‍ പ്രത്യേകം ട്രൈബ്യൂണല്‍ വേണമെന്ന ആവശ്യം മാനുഷികമായി വിലയിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഇക്കാര്യം പരിശോധിക്കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 3,118 പേര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമുള്ള സാമ്പത്തിക സഹായം ഇനിയും ലഭിക്കാനുണ്ടെന്ന് കാണിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
2017ലെ മെഡിക്കല്‍ ക്യാംപുകളില്‍ രണ്ട് ദിവസം ഹര്‍ത്താല്‍ കാരണം പലര്‍ക്കും പങ്കെടുക്കാനായില്ല. 4,000ത്തോളം രോഗികളെ പരിശോധിച്ചെങ്കിലും 1,905 പേരെ മാത്രം തെരഞ്ഞെടുത്തു. ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അത് 287 ആയി ചുരുങ്ങി. ആകാശത്തിലൂടെ എന്‍ഡോസള്‍ഫാന്‍ തളിച്ചാല്‍ 50 കിലോമീറ്റര്‍ വരെ അപകട സാധ്യതയുണ്ടെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കി. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തപ്പോള്‍ ഒരേ രോഗാവസ്ഥയും സമാന സാഹചര്യവുമുള്ളവര്‍ക്കിടയിലും വിവേചനം ഉണ്ടായെന്ന പരാതി ജില്ലാ കലക്ടര്‍ പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
അര്‍ഹരെ ഒഴിവാക്കിയെന്ന പരാതി ഗൗരവകരമാണ്. ഹര്‍ത്താല്‍ കാരണം മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കാനായില്ലെന്ന പരാതി ജില്ലാ കലക്ടര്‍ ഒരു മാസത്തിനകം പരിശോധിച്ച് തീര്‍പ്പാക്കണം. 2017ലെ ക്യാംപിലുണ്ടാക്കിയ ലിസ്റ്റില്‍ ഒഴിവാക്കപ്പെട്ടവരെ അതിലേക്ക് നയിച്ച കാരണങ്ങള്‍ അറിയിക്കണം. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവും തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ ഉത്തരവുകളും വിദഗ്ധ സമിതിയുടെയും എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ നടപടികളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വിലയിരുത്തണം. ഇത് സംബന്ധിച്ച പരാതികള്‍ രണ്ടാഴ്ചക്കകം കലക്ടര്‍ക്കും ചീഫ് സെക്രട്ടറിക്കും പരാതിക്കാരന്‍ നല്‍കണം.
പരാതികളില്‍ രണ്ട് മാസത്തിനകം തീര്‍പ്പുണ്ടാകണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയും അപ്രാപ്തിയും പരാതിക്കാരുടെ നിയമപരമായ അവകാശങ്ങളെ ഇല്ലാതാക്കരുതെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. പരാതിക്കാര്‍ക്ക് വഴികാട്ടാനും വാദിക്കാനും മികച്ച നിയമ-ആരോഗ്യ വിദഗ്ധരുടെ സേവനം സര്‍ക്കാര്‍ ഉറപ്പാക്കണം. പിന്തുണക്കാന്‍ വിദഗ്ധരില്ലാത്തതിന്റെ പേരില്‍ ദരിദ്രരുടെയും രോഗപീഡിതരുടെയും നിയമപരമായ അവകാശങ്ങള്‍ ഒഴിവാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."