പാണ്ടിമേളത്തില്‍ നടന്‍ ജയറാം അരങ്ങേറ്റം കുറിച്ചു
പനച്ചിക്കാട് ( കോട്ടയം): ദക്ഷിണമൂകാംബികയെ സാക്ഷിയാക്കി നടന്‍ ജയറാം കേരളത്തിന്റെ തനതു മേളമായ പാണ്ടിയില്‍ അരങ്ങേറ്റം കുറിച്ചു . പനച്ചിക്കാട് സരസ്വതിക്ഷേത്രത്തില്‍ ഗുരു മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്കൊപ്പം സ്വന്തം താള പ്രമാണത്തില്‍ നൂറുകണക്കിന് മേള പ്രേമികളുടെ സാന്നിധ്യത്തിലാണ് ജയറാം മേള പ്രപഞ്ചമൊരുക്കിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ഭാര്യ പാര്‍വ്വതി മക്കള്‍ കാളിദാസന്‍ , മാളവിക എന്നിവര്‍ക്കൊപ്പം ക്ഷേത്രസന്നിധിയിലെത്തിയ ജയറാം ക്ഷേത്രദര്‍്ശനത്തിന് ശേഷമാണ് അരങ്ങേറ്റം കുറിച്ചത്.
ജയറാമിന്റെ വലത്ത് മട്ടന്നൂരും ഇടത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനും അണിനിരന്നപ്പോള്‍ മട്ടന്നൂരിന്റെ മക്കളായ ശ്രീകാന്തും ശ്രീരാജുമുള്‍പ്പെടെ നൂറ് മേളക്കാര്‍ ചെണ്ടയും ഇലത്താളവും ,കൊമ്പും ,കുറുംകുഴലുമായി അകമ്പടിയായി.ഗണപതികൈകൊട്ടി പതികാലത്തില്‍ തുടങ്ങി വിളംബിതകാലത്തിലൂടെ ദ്രുതകാലത്തിലേക്ക് മേളപെരുക്കത്തോടെ മുന്നേറിയപ്പോള്‍ പാണ്ടിയുടെ രൗദ്രഭാവം പുറത്തുവന്നു. തൃപുടയില്‍ കൊട്ടിക്കലാശിച്ചപ്പോള്‍ ജയറാം അക്ഷരാര്‍ത്ഥത്തില്‍ ഹര്ഷപുളഗിതനായി. മേളപ്രേമികള്‍ പുഷ്പഹാരവും പുഷ്പവൃഷ്ടിയും നടത്തി ആനന്ദനൃത്തം ചവിട്ടി.
കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി മട്ടന്നൂരിന്റെ ശിക്ഷണത്തില്‍ ചെണ്ടമേളം അഭ്യസിക്കുന്ന ജയറാം നേരത്തെ പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കൂടാതെ കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലടക്കം പഞ്ചാരിയില്‍ സ്വന്തം പ്രമാണത്തില്‍ മേളം നടത്തിയിട്ടുണ്ട്. അച്ചായന്‍സ് എന്നസിനിമയുടെ ചിത്രീകരണത്തിന് ശേഷം വെള്ളിനേഴിയിലെ മട്ടന്നൂരിന്റെ വസതിയില്‍ പതിനഞ്ച് ദിവസത്തോളം ഗുരുകുലവിദ്യാഭ്യാസം നടത്തിയാണ് പാണ്ടിയുടെ അരങ്ങേറ്റത്തിന് തയ്യാറെടുപ്പ് നടത്തിയത്്.
മകനും യുവനടനുമായ കാളിദാസന് ആദ്യക്ഷരം കുറിച്ച പനച്ചിക്കാട് സരസ്വതീക്ഷേത്രത്തില്‍ തന്നെ പാണ്ടി അരങ്ങേറാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്ന് ജയറാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മട്ടന്നൂരിനെ ഗുരുവായി ലഭിച്ചതാണ് തനിക്ക് ലഭിച്ച പുണ്യം. ഇനി ചെണ്ടമേളത്തിലെ തായമ്പകയില്‍ കൂടി ഒരു കൈ നോക്കണമെന്നുണ്ട്. ആയിരം സിനിമയില്‍ അഭിനയിക്കുന്നതിലും അവാര്‍ഡുകള്‍ ലഭിക്കുന്നതിനും കൂടുതല്‍ തനിക്ക് ആത്മസംതൃപ്തി പകരുന്നത് ചെണ്ടമേളം ചെയ്യുമ്പോഴാണെന്നും ജയറാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."