ലുങ്കി ധരിച്ചെത്തിയതിന് ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചെന്ന്; കോഴിക്കോട് ഇന്ന് 'ലുങ്കി സമരം'
കോഴിക്കോട്: ലുങ്കി ധരിച്ച് എത്തിയതിന്റെ പേരില്‍ കോഴിക്കോട്ടെ ആഡംബര സ്വകാര്യ ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചെന്നു പരാതി. ലുങ്കിയുടുത്തതിന്റെ പേരില്‍ ഹോട്ടലില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് സാംസ്കാരിക പ്രവര്‍ത്തകര്‍ 'ലുങ്കി സമര'വും നടത്തും. സുഹൃത്തിനൊപ്പം നഗരത്തിലെ ബീച്ചിനു സമീപത്തുള്ള സീക്യൂന്‍ ഹോട്ടലില്‍ എത്തിയ തന്നെ ലുങ്കിയുടുത്തതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ കരീം ചേലേമ്പ്രയാണ് ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്.
പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 13നാണ് സംഭവം. സുഹൃത്തിനൊപ്പം എത്തിയ തനിക്ക് ഹോട്ടലിനുള്ളില്‍ പ്രവേശനം ഇല്ലെന്നും പാന്റും ഷര്‍ട്ടും ധരിച്ച സുഹൃത്തിന് അകത്തേക്കു പോകാമെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.വാഗ്വാദങ്ങള്‍ക്കൊടുവില്‍ താന്‍ ആവശ്യപ്പെട്ട പ്രകാരം ലുങ്കിയുടുത്തതുകൊണ്ട് ഹോട്ടലില്‍ കയറ്റാന്‍ പറ്റില്ല എന്ന് ജീവനക്കാര്‍ വെള്ളപ്പേപ്പറില്‍ എഴുതിത്തന്നുവെന്നും തുടര്‍ന്ന് ഞായറാഴ്ച രാവിലെ ടൗണ്‍ സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നുവെന്നും കരീം പറഞ്ഞു. തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും അദ്ദേഹം നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
ലുങ്കി ധരിച്ചതിന്റെ പേരില്‍ ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചത് മൗലികാവകാശത്തിനു മേലുള്ള കൈകടത്തലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട്ടെ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുന്നത്. ഇന്ന് കോഴിക്കോട് ലുങ്കി ധരിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനം നടത്തും. രാവിലെ 11ന് ആര്‍ട് ഗ്യാലറിക്കു സമീപത്തുനിന്നാണ് 'ലുങ്കി സമരം' ആരംഭിക്കുന്നത്. എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും തൊഴിലാളികളുമടക്കം നിരവധിയാളുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."