ഹീര തട്ടിപ്പ് കേസ്: ഒരു വര്‍ഷമായിട്ടും അന്വേഷണം മന്ദഗതിയില്‍
കോഴിക്കോട്: മലയാളികള്‍ അടക്കമുള്ള നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയ ഹീര ഗ്രൂപ്പിനെതിരായ അന്വേഷണം വഴിമുട്ടിയതായി പരാതി. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലാത്തതിനാല്‍ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ കോഴിക്കോട് ചേര്‍ന്ന ഇരകളുടെ യോഗം തീരുമാനിച്ചു.
ഹീര തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നിലവില്‍ സ്തംഭിച്ചെന്നാണ് തട്ടിപ്പിനിരയായവരുടെ ആക്ഷേപം. കേരളത്തിനു പുറത്തുള്ള തട്ടിപ്പു കേസുകള്‍ ശകത്മായി മുന്നോട്ടു പോകുമ്പോഴും കേസിലെ മുഖ്യപ്രതിയെ ഇന്നേവരെ കേരളത്തില്‍ കൊണ്ടുവരാനോ ഇതില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ പിടികൂടാനോ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
നേരത്തെ ഒളിവിലായിരുന്ന ഹീരയുടെ സോണല്‍ ഏജന്റുള്‍പ്പെടെയുള്ളവര്‍ സ്വതന്ത്രവിഹാരം നടത്തുകയാണ്.
നിലവില്‍ കേരളത്തില്‍ എഴുപതോളം കേസുകളാണ് ഹീര തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനോയ് സ്റ്റീഫനാണ് കേസന്വേഷണത്തിന്റെ ചുമതല. ക്രൈംബ്രാഞ്ചിനെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെങ്കിലും ഇതിനു വേണ്ട ഉദ്യോഗസ്ഥരെ അനുവദിച്ചു തന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ഓഫിസ് നല്‍കുന്ന വിശദീകരണം.
നിലവില്‍ രണ്ടു പേര്‍ മാത്രമാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കും അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്.
ഇസ്‌ലാമിക് ഹലാല്‍ ബിസിനസ് എന്ന പേരിലാണ് രാജ്യത്തിനകത്തും പുറത്തും ഹീര ഗ്രൂപ്പ് ഓഫ് കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് കമ്പനി സി.ഇ.ഒ ഹൈദരാബാദ് സ്വദേശിനി ആലിമ നൂറ ഷെയ്ക്ക് അറസ്റ്റിലായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ക്കെതിരേ കേസുകളുണ്ട്. കേസിന്റെ അന്വേഷണം ജാഗ്രവത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഹീര വിക്റ്റിംസ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു പുറമേ നിയമസഭയില്‍ വിഷയം ഉന്നയിപ്പിക്കാനുള്ള ശ്രമവും നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."