ഇനി തീര്‍പ്പാക്കാനുള്ളത് 25,677 കെട്ടിട നിര്‍മാണ അപേക്ഷകള്‍
മുഹമ്മദലി പേലേപ്പുറം
മലപ്പുറം: സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഇനി തീര്‍പ്പാക്കാനുള്ളത് 25,677 അപേക്ഷകള്‍. കെട്ടിട നിര്‍മാണ അപേക്ഷകളില്‍ സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കണമെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കെട്ടിക്കിടന്നിരുന്ന 59,798 അപേക്ഷകളില്‍ 34,121 എണ്ണവും തീര്‍പ്പു കല്‍പ്പിച്ചു. 57.06 ശതമാനം അപേക്ഷകളാണ് 17 ദിവസത്തിനുള്ളില്‍ തീര്‍പ്പായത്. ബാക്കിയുള്ള 25,677 അപേക്ഷകള്‍ ജില്ലാ തലത്തില്‍ നടക്കുന്ന അദാലത്തുകളില്‍ പരിഗണിക്കും.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത്. 5,468 അപേക്ഷകളാണ് ഇവിടെ ഇനിയും തീര്‍പ്പാക്കാനുള്ളത്. തിരുവനന്തപുരം (931), കൊല്ലം (1064), പത്തനംതിട്ട (620), ആലപ്പുഴ (1552), കോട്ടയം (1097), ഇടുക്കി (179), എറണാകുളം (1646), തൃശൂര്‍ (27720, പാലക്കാട് (2247), മലപ്പുറം (5245), വയനാട് (458), കണ്ണൂര്‍ (2133), കാസര്‍കോട് (265) എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം.
കെട്ടിടനിര്‍മാണത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് കെട്ടിട നിര്‍മാണ ചട്ടപ്രകാരമുള്ള സമയ പരിധിക്കുള്ളില്‍ അനുമതി ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണാനുമതി, കെട്ടിട നിര്‍മാണ ക്രമവല്‍കരണാനുമതി, കെട്ടിട നമ്പര്‍ എന്നിവക്കായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഈ മാസം 31നകം തീര്‍പ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇതിനായി ജില്ലാ തല അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലായി ഈ മാസം 24 വരെ ലഭിച്ചതും തീര്‍പ്പാക്കാനുണ്ടായിരുന്നതുമായ 59,798 അപേക്ഷകളില്‍ അതിവേഗ നടപടിയുണ്ടായി.
പഞ്ചായത്ത് ഡയരക്ടറേറ്റില്‍നിന്നു നടത്തിയ മോണിറ്ററിങിന്റെയും നടപടികളുടെയും ഭാഗമായാണ് കെട്ടിക്കിടന്നിരുന്ന അപേക്ഷകളില്‍ ഉടനടി തീര്‍പ്പുണ്ടായത്.
കെട്ടിടാനുമതിക്കുള്ള അപേക്ഷകളില്‍ 14,766 എണ്ണവും ക്രമവല്‍കരണ അപേക്ഷകളില്‍ 6,202 എണ്ണവും കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷകളില്‍ 13,153 എണ്ണവുമാണ് ഈ മാസം പത്തിനുള്ളില്‍ തീര്‍പ്പാക്കിയത്.
ഇനിയും തീര്‍പ്പാകാത്ത അപേക്ഷകളാണ് വിവിധ ജില്ലകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നത്. ഈ മാസം 31നുള്ളില്‍ മുഴുവന്‍ അപേക്ഷകളിലും നടപടിയെടുത്ത് സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ഒരു ദിവസം കൊണ്ട് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ടും മൂന്നും ദിവസങ്ങളില്‍ അദാലത്ത് സംഘടിപ്പിക്കും.
കെട്ടിട നിര്‍മാണാനുമതിക്കായി ലഭിക്കുന്ന അപേക്ഷകളില്‍ പഞ്ചായത്തുകള്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തത് കാരണം അപേക്ഷകര്‍ പലരും അനധികൃതമായി നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചട്ടങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ടായിരുന്നു.
ഇതിനെതിരേ കെട്ടിട ഉടമകള്‍ സര്‍ക്കാരിനെയും കോടതികളേയും സമീപിക്കുന്നത് വ്യാപകമായപ്പോഴാണ് അപേക്ഷകളില്‍ അടിയന്തിര തീര്‍പ്പ് കല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."