മലയാളി തീര്‍ഥാടകര്‍ മക്കയില്‍; വിദേശ തീര്‍ഥാടകരുടെ വരവ് ശക്തമായി
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന മദീനയിലെത്തിയ ഹാജിമാരുടെ മക്ക യാത്രക്ക് തുടക്കമായി. കരിപ്പൂരില്‍നിന്ന് ഏഴിനെത്തിയ ആദ്യ ദിവസത്തെ തീര്‍ഥാടക സംഘമാണ് മദീനയില്‍നിന്ന് മക്കയിലേക്ക് തിരിച്ചത്.
ആദ്യദിനം എത്തിയ അറുന്നൂറോളം വരുന്ന തീര്‍ഥാടക സംഘം മറ്റു ഇന്ത്യന്‍ ഹാജിമാര്‍ക്കൊപ്പം ബസുകളില്‍ മക്കയില്‍ എത്തിച്ചേര്‍ന്നു. വൈകുന്നേരത്തോടെയാണ് മക്കയില്‍ മലയാളി സംഘം എത്തിയത്.
മക്കയില്‍ എത്തിയ ഇവര്‍ക്ക് വിഖായ, കെ.എം.സി.സി തുടങ്ങി സേവനത്തിലേര്‍പ്പെട്ട വിവിധ മലയാളി ഹജ്ജ് സംഘങ്ങളുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച ബസുകളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന് മക്ക, മദീന യാത്രക്കായി ഒരുക്കിയത്.
ഇതിനകം പുണ്യഭൂമിയിലെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം അര ലക്ഷം കവിഞ്ഞു. ഇതില്‍ പതിനായിരത്തിലധികം തീര്‍ഥാടകര്‍ മദീനയില്‍നിന്ന് മക്കയിലെത്തി. ബാക്കിയുള്ള തീര്‍ഥാടകര്‍ വരും ദിവസങ്ങളില്‍ മദീനയില്‍നിന്ന് യാത്ര പുറപ്പെടും.
കപ്പല്‍ മാര്‍ഗമുള്ള തീര്‍ഥാടകര്‍ ഇന്നുമുതല്‍ പുണ്യഭൂമിയില്‍ എത്തിച്ചേരും.
ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴിയാണ് കപ്പല്‍ മാര്‍ഗമുള്ള തീര്‍ഥാടകര്‍ എത്തുക. ഈ വര്‍ഷം ദുല്‍ഹജ്ജ് നാലുവരെയായി 22,000 തീര്‍ഥാടകരാണ് കപ്പല്‍ മാര്‍ഗം പുണ്യ ഭൂമിയിലെത്തുക. നാലു കപ്പലുകള്‍ക്കാണ് സര്‍വിസുകള്‍ക്ക് അനുമതി നല്‍കിയത്. 22 സര്‍വിസുകളാണ് ഇവ നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."