എന്റെ മരം നമ്മുടെ മരം; താലൂക്കില്‍ 75,000 വൃക്ഷത്തൈകള്‍ വിതരണത്തിന്
പട്ടാമ്പി: എന്റെ മരം നമ്മുടെ മരം പദ്ധതി പ്രകാരം പരിസ്ഥിതി ദിനത്തില്‍ താലൂക്ക് പരിധിയിലുള്ള വിദ്യാലയങ്ങളടക്കമുള്ള സ്ഥലങ്ങളിലേക്ക്് 75,000 വൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറായി. താലൂക്കിലെ സോഷ്യല്‍ ഫോറസ്റ്ററിയുടെ നഴ്സറികളിലാണ് വിതരണത്തിനായി തൈകള്‍ ഒരുക്കിയിരിക്കുന്നത്. സ്കൂളുകള്‍, കോളജുകള്‍ തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് സൗജന്യമായാണ് തൈകള്‍ നല്‍കുന്നത്. ഇതിനായി കൂറ്റനാട് 35,000വും വാടനാംകുറുശ്ശിയില് 40,000 ത്തോളവും വൃക്ഷതൈകള്‍ സജ്ജീകരിച്ചിട്ടുണ്ട്്്്. വനംവകുപ്പ് മണ്ണാര്‍ക്കാട് റെയ്ഞ്ചിലെ സോഷ്യല്‍ ഫോറസ്റ്ററിയുടെ നേതൃത്വത്തിലാണ് വാടനാംകുറുശ്ശിയിലും കൂറ്റനാടും നഴ്സറികള്‍ ഒരുക്കിയിരിക്കുന്നത്.
മഹാഗണി, തേക്ക്, പേര, നെല്ലി, മാതളം, മണിമരുത്, ലക്ഷ്മിതരു, ഉങ്ങ്, മുള തുടങ്ങി ഏകദേശം 12 ഇനങ്ങളില്‍പ്പെട്ട തൈകളാണ് വിതരണം ചെയ്യുന്നത്. അതെ സമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ വൃക്ഷത്തൈകള്‍ വിദ്യാലയങ്ങളിലേക്ക് എത്തിച്ചിരുന്നെങ്കിലും ഇത്തവണ സ്കൂള്‍ അധികൃതര്‍ നഴ്സറികളിലെത്തി തൈകള്‍ നേരിട്ട് ഏറ്റുവാങ്ങണമെന്ന് റെയ്ഞ്ച് ഓഫിസര്‍ മോഹന്‍ദാസ് പറഞ്ഞു. തൈകളുടെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. ജൂണ്‍ അഞ്ചിന് മുമ്പ് തൈകള്‍ മുഴുവനും വിതരണം ചെയ്യും. സ്വകാര്യവ്യക്തികള്‍ക്ക് തൈ ഒന്നിന് 17 രൂപ നിരക്കിലും വിതരണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."