അഞ്ചലില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം
കൊല്ലം: അഞ്ചലില്‍ ഏഴു വയസുകാരിയെ ബലാല്‍സംഗംചെയ്തു കൊന്ന കേസില്‍ കുട്ടിയുടെ മാതൃസഹോദരി ഭര്‍ത്താവായ പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏരൂര്‍ സ്വദേശിനിയായ കുട്ടിയെ കൊലപ്പെടുത്തിയ തിങ്കള്‍കരിക്കം വടക്കേചെറുകര രാജേഷ് ഭവനില്‍ രാജേഷി(25) നെതിരെയാണ് കോടതി വിധി.
കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. മൂന്ന് ജീവപര്യന്തത്തിനു പുറമെ 26 വര്‍ഷം തടവുശിക്ഷ കൂടി പ്രതി പ്രത്യേകം അനുഭവിക്കണം. കൂടാതെ, 3,20,000 രൂപ പിഴയും ഒടുക്കണം.
പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി (പോക്സോ പ്രത്യേക കോടതി) ജഡ്ജി ഇ. ബൈജു ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകല്‍), 297 (മൃതദേഹത്തോട് അനാദരവ് കാണിക്കല്‍) എന്നീ കുറ്റകൃത്യങ്ങള്‍ക്കും പോക്സോ നിയമം മൂന്ന്, നാല്, അഞ്ച്, ആറ് വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നത്.
2017 സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ട്യൂഷനുവിടാന് വേണ്ടി മുത്തശ്ശിയുമൊത്തുപോയ കുട്ടിയെ, അവരില്‍ നിന്നും ഏറ്റെടുത്ത പ്രതി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു.
സാഹചര്യതെളിവുകളെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകളാണ് നിര്‍ണായകമായത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നും വായില്‍ നിന്നും കണ്ടെടുത്ത ദ്രവങ്ങള്‍ പ്രതിയുടേതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കൂടാതെ കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്നും പ്രതിയുടെ കോശങ്ങളും വസ്ത്രങ്ങളുടെ അംശങ്ങളും കണ്ടെത്തിയിരുന്നു. അഞ്ചല്‍ സി.ഐ ആയിരുന്ന എ അഭിലാഷാണ് കേസ് അന്വേഷിച്ചത്. അഡ്വ. ജി മോഹന്‍രാജ് ആണ് കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."