ഖത്തറിലേക്ക് പോകുന്നവര്‍ക്ക് ഇനി കൊച്ചിയില്‍ നിന്നും എല്ലാ ശരിയാവും
ദോഹ: വിദേശ തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) ലഭിക്കുന്നതിന്റെ മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ സ്വന്തം രാജ്യത്തുനിന്ന് തന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുന്ന വിസ സര്‍വീസ് സെന്ററിന്റെ സേവനം നവംബര്‍ അവസാനം മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. കൊച്ചി ഉള്‍പ്പടെ ഏഴു സ്ഥലങ്ങളിലാണ് ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നത്. മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും ഖത്തര്‍ വിസ സെന്ററുകള്‍(ക്യുവിസി) ഉണ്ടാകുക. ഏഴിടങ്ങളിലും ഓഫീസുകള്‍ നവംബര്‍ അവസാനവാരം പ്രവര്‍ത്തനം തുടങ്ങും. ഇതോടെ തൊഴില്‍ വീസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, വിരലടയാളം ശേഖരിക്കല്‍ , ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ ഇന്ത്യയില്‍തന്നെ പൂര്‍ത്തീകരിക്കാനാകും. സിംഗപ്പൂര്‍ ആസ്ഥാനമായ ബയോമെറ്റ് എന്ന കമ്പനിയുമായി ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ധാരണാപത്രത്തിലേര്‍പ്പെട്ടിരുന്നു. മാതൃരാജ്യങ്ങളില്‍തന്നെ ആര്‍പി നടപടികള്‍ പൂര്‍ത്തീകരിക്കാനാകുന്നത് പ്രവാസി തൊഴിലാളികള്‍ക്ക് വലിയതോതില്‍ പ്രയോജനമാകും. തൊഴില്‍പ്രശ്‌നങ്ങള്‍ ഏറെക്കുറെ ഒഴിവാക്കാന്‍ പര്യാപ്തമാണ് പദ്ധതിയെന്ന് വിവിധ മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ആഭ്യന്തരമന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മികച്ച സൗകര്യങ്ങളോടെയായിരിക്കും ഓഫീസുകള്‍ സംവിധാനിക്കുക. റിക്രൂട്ട്‌മെന്റ് നടപടികള്‍ ലളിതമാക്കാന്‍ പുതിയ സംവിധാനം സഹായകമാകും. റിക്രൂട്ട്‌മെന്റ് സേവനങ്ങളും നടപടിക്രമങ്ങളും ഒരു ചാനലിലൂടെ പൂര്‍ത്തിയാക്കാനാകും. ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതാതു രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ആദ്യ ഓഫീസ് ശ്രീലങ്കയില്‍ ഈ മാസം പന്ത്രണ്ടിന് തുറക്കും. തുടര്‍ന്ന് ഇന്ത്യയിലും മറ്റ് ആറു രാജ്യങ്ങളിലും ഘട്ടംഘട്ടമായി ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങും. തൊഴിലാളി ഖത്തറില്‍ എത്തുന്നതിനു മുന്‍പു തന്നെ അവരുടെ തൊഴില്‍ കരാറുകള്‍ ഉള്‍പ്പെടെയുള്ളവ ഔദ്യോഗികമായി രേഖപ്പെടുത്തും. കരാറിലെ വ്യവസ്ഥകള്‍ ഇരു കൂട്ടരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകും. ഇന്ത്യയിലെ ഏഴു കേന്ദ്രങ്ങള്‍ക്കും ശ്രീലങ്കയിലെ കൊളംബോയ്ക്കും പുറമെ ടുണീഷ്യയില്‍ തുണീസ്, നേപ്പാളില്‍ കാഠ്മണ്ഡു, പാകിസ്താനില്‍ കറാച്ചി, ഇസ്ലാമാബാദ്, ബംഗ്ലാദേശില്‍ ധാക്ക, സില്‍ഹെത്, ഫിലിപ്പൈന്‍സില്‍ മനില, സെബു, ദാവോ, ഇന്തോനേഷ്യയില്‍ ജക്കാര്‍ത്ത, സെമരംഗ്, ബന്‍ദുംഗ് എന്നിവിടങ്ങളിലായിരിക്കും ഓഫീസ് തുറക്കുക. ഭരണനിര്‍വഹണ, തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ഉബൈദ്‌ലി, ആഭ്യന്തരമന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി,മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോ. ഇബ്രാഹിം അല്‍ഷാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."