മോദി സര്‍ക്കാരിനെതിരെ ഇന്നു തുടങ്ങേണ്ടിയിരുന്ന സമരം അണ്ണാ ഹസാരെ പിന്‍വലിച്ചു
ന്യൂഡല്‍ഹി: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഇന്നു തുടങ്ങുമെന്നറിയിച്ച അനിശ്ചിതകാല നിരാഹാരസമരം പിന്‍വലിച്ചു. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും അഴിമതിവിരുദ്ധ ലോക്പാല്‍ നിയമനം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു ഗാന്ധിജയന്തി ദിനമായ ഇന്ന് തന്റെ ജന്‍മനാടായ മഹാരാഷ്ട്രയിലെ റലിഗാന്‍ സിദ്ധിയില്‍ നിരാഹാരം തുടങ്ങുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ബി.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഹസാരേ സമരത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു.
ചര്‍ച്ചയ്ക്കായി ഹസാരെയുടെ അടുത്തേക്ക് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസില്‍ നിന്ന് ചില ഉറപ്പുകള്‍ ലഭിച്ചതിനാലാണ് സമരം നിര്‍ത്തിവച്ചതെന്ന് ഹസാരെ പറഞ്ഞു.
കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം മാത്രം ബാക്കിയുള്ള നരേന്ദ്രമോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം കടുത്ത അഴിമതി ആരോപണം ഉന്നയിച്ചുവരുന്നതിനിടെയാണ് അഴിമതിവിരുദ്ധ ലോക്പാലിനുവേണ്ടിയുള്ള സമരം ഹസാരെ വേണ്ടെന്നുവച്ചത്. ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്നു വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്നു ആരോപിച്ചും അഴിമതി വിമുക്ത രാഷ്ട്രത്തിനു വേണ്ടി ജനങ്ങള്‍ തന്റെ കൂടെ നില്‍ക്കണമെന്ന് ആഹ്വാനംചെയ്തുമാണ് രണ്ടുമാസം മുമ്പ് ഹസാരെ സമരം പ്രഖ്യാപിച്ചത്. ലോക്പാല്‍, കര്‍ഷകപ്രശ്‌നങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ഹസാരെ നിരാഹാര സമരം നടത്തിയിരുന്നുവെങ്കിലും ഏഴുദിവസത്തിനു ശേഷം പിന്‍വലിക്കുകയായിരുന്നു.
തന്‍റെ ആവശ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി കത്തയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് അന്ന് അണ്ണാ ഹസാരെ പറഞ്ഞിരുന്നു. ഇനിയും മോദി ഇടപെട്ടില്ലെങ്കില്‍ ഒക്ടോബർ രണ്ടു മുതല്‍ സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മോദി ഇടപെടാതെ തന്നെ സമരത്തില്‍ നിന്ന് ഹസാരെ പിന്‍വലിയുകയായിരുന്നു.
2012ല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലോക്പാലിനു വേണ്ടി അന്നാ ഹസാരെ 12 ദിവസം നീണ്ട നിരാഹാസ സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു. സംഘപരിവാര നേതാക്കളുടെ കൂടെ പിന്തുണയോടെ അന്നു നടത്തിയ സമരത്തിന് വന്‍ ജനപിന്തുണയും ലഭിക്കുകയുണ്ടായി. ആവശ്യങ്ങള്‍ യു.പി.എ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഹസാരെ സമരം അവസാനിപ്പിച്ചത്. ഇതുപകാരം 2013ല്‍ യു.പി.എ സര്‍ക്കാര്‍ ലോക്പാല്‍ നിയമം കൊണ്ടുവന്നു. അന്ന് ഹസാരെക്കൊപ്പം സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവര്‍ ഇന്നു പലവഴിക്കാണ്.
ഒരുകാലത്ത് ഹസാരെയുടെ വലംകൈയായിരുന്ന അരവിന്ദ് കെജരിവാള്‍ പിന്നീട് അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി. ആം ആദ്മി പാര്‍ട്ടിയിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍, രാഷ്ട്രീയ തന്ത്രജ്ഞന്‍ യോഗേന്ദ്രയാദവ്, അഡ്മിറല്‍ രാംദാവ് എന്നിവര്‍ സ്വരാജ് അഭിയാന്‍ പാര്‍ട്ടിയുണ്ടാക്കി വേറൊരുചേരിയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."