ബാലു മടങ്ങി, മകള്‍ക്കായി വയലിന്‍ തന്ത്രികള്‍ മീട്ടാന്‍
ബാലഭാസ്‌കര്‍ വയലിന്‍ കയ്യിലേന്തുമ്പോള്‍ തന്ത്രികളിലേക്ക് മാന്ത്രിക വിരലുകളോടുന്നതല്ല വിസ്മയത്തോടെ നോക്കേണ്ടത്, വയലിന്‍ മാന്ത്രികനു മുന്നില്‍ നിറഞ്ഞുകവിഞ്ഞ ആ സദസ്സിലേക്കാണ്. ആഴ്ചചന്ത ദിവസത്തെ അങ്ങാടിത്തിരക്ക് പോലെ കലപിലകളാല്‍ മുങ്ങിയിരുന്ന സദസ്സ് ആ നിമിഷം പൊടുന്നനെ നിശബ്ദതയുടെ നനുത്ത പുതപ്പണിയും, കാറ്റില്‍ ഉലയുന്ന പൂക്കളുടെ കൂട്ടം പോലെ ഇരിപ്പുറപ്പിച്ചവരുടെ കണ്ണുകളും തലയും പെന്‍ഡുലം പോലെ ആടിത്തുടങ്ങും, എത്ര ആഴത്തില്‍ ഉറച്ചുനില്‍ക്കുന്ന വടവൃക്ഷങ്ങള്‍ പോലും ഒന്നുലയും, കണ്ണടച്ച് കാതോര്‍ത്തിരിക്കുന്നവരുടെ മനസ്സുകള്‍ വയലിന്‍ സ്വരത്തിന്റെ വഴികളിലേറി ഒരു യാത്ര പോകാന്‍ തുടിക്കും, പ്രണയവും ഉന്മാദവും വിരഹവും കണ്ണീരുമെല്ലാം പലയിടത്തു വച്ചു യാത്രയെ നീളന്‍ വഴികളിലേക്ക് തിരിച്ചുവിടും, ഒടുവില്‍ വയിലിനിലെ മാന്ത്രികസംഗീതം നിലച്ചാലും തുടങ്ങിയേടത്ത് തിരിച്ചെത്താനാവാതെ ആ മാന്ത്രികസ്വരയാത്രയിലേക്ക് തന്നെ മനംനിറഞ്ഞ്, ആനന്ദാശ്രുക്കള്‍ പൊഴിച്ചു മനസ്സ് ആഹ്ലാദങ്ങളുടെ കൂതിപ്പിലേറും. അപ്പോഴും വയലിന്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നേറുന്ന ഒരു യോദ്ധാവിനെ പോലെ, അല്ലെങ്കില്‍ കണ്ണുകളടച്ചു ധ്യാനനിമഗ്‌നനായ ഒരു യോഗിയെ പോലെ, അതുമല്ലെങ്കില്‍ വിസ്മയസംഗീതം പൊഴിക്കുന്ന ഒരു മാന്ത്രികനെപ്പോലെ ബാലഭാസ്‌കര്‍ അവിടെ തടിച്ചുകൂടിയവരുടെ മനസ്സിലിടം നേടിക്കഴിഞ്ഞിരിക്കും.
പിന്നെയുള്ള കേള്‍വികളിലും കാഴ്ചകളിലുമെല്ലാം ബാലഭാസ്‌കര്‍ ശ്രോതാക്കള്‍ക്ക് ബാലുവാണ്. അത്രയേറെ ഇഷ്ടം അദ്ദേഹത്തോട് അപ്പോള്‍ തന്നെ തോന്നിപ്പോകും. ഇതുതന്നെയാണ് ബാലു എന്ന വിളിക്ക് പിന്നിലും. അത്രമേല്‍ ആസ്വദിച്ച് സ്വയം മറന്നു വയലിന്‍ മീട്ടുന്ന ആ ചെറുപ്പക്കാരനോട് ഇഷ്ടമല്ലാതെ മറ്റെന്താണ് തോന്നേണ്ടത്? എത്ര കേട്ടുമടുത്ത പാട്ടാണെങ്കിലും ബാലഭാസ്‌കറിന്റെ വയിലിന്‍ തന്ത്രികളിലൂടെ വീണ്ടും ആ സ്വരങ്ങള്‍ ഒഴുകിയെത്തുമ്പോള്‍, എത്ര തിരക്കാണേലും ഒരു നിമിഷം കാതോര്‍ക്കുന്നതിനു പിന്നിലും ബാലു എന്ന ആ സംഗീതജ്ഞെന്റ മാന്ത്രികത തന്നെയാണ് കാരണം. കേവലം സംഗീതമായിരുന്നില്ല ആ മാന്ത്രിക വയലിനിലൂടെ ഒഴുകിപ്പരന്നിരുന്നത്, പ്രണയത്തിന്റെ ഭാവങ്ങളും വിരഹത്തിന്റെ ഭാവതീവ്രതയുമെല്ലാം തന്മയത്വത്തോടെ പ്രിയപ്പെട്ടവരിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പലരും തെരെഞ്ഞെടുത്തതും ബാലു വയലിനില്‍ ഒരുക്കിയ ആ ഭാഷ തന്നെ. പറയാന്‍ മടിച്ച പ്രണയം ആയിരങ്ങള്‍ അറിയിച്ചതും പ്രിയപ്പെട്ടവര്‍ക്കുള്ള ആശംസകളോടൊപ്പം പ്രത്യേക ഇഷ്ടമായി ചേര്‍ത്തുവെച്ചതും ആ തന്ത്രികളിലെ ജീവന്‍ തുടിച്ച സ്വരങ്ങള്‍. സംഗീതാസ്വദകരേക്കാള്‍ പ്രണയിതാക്കളുടെ പ്രിയപ്പെട്ട സംഗീതജ്ഞനാണ് ബാലഭാസ്‌കറെന്ന് പറയാന്‍ ഇതില്‍പ്പരം എന്തുവേണം.
ശബ്ദവീചികളിലൂടെ ഒഴുകി ഓടിയ തീവണ്ടി
ബാലഭാസ്‌കര്‍ എന്ന കൗമാരക്കാരനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മകളിലേക്ക് ചൂളംവിളിച്ചെത്തുന്ന ഒരു തീവണ്ടിക്കഥയുണ്ട്, കൂട്ടുകാരെല്ലാം ആയിരംനാവുകളാല്‍ പറഞ്ഞിട്ടും ബാലു ഇന്നേവരെ എവിടെയും പറയാത്തൊരു കഥ. ദേശീയ യുവജനോത്സവം ലക്ഷ്യമിട്ട് കേരളത്തിലെ യൂനിവേഴ്‌സിറ്റികളിലെ പ്രതിഭകളുമൊന്നിച്ചുള്ള യാത്രയായിരുന്നു അത്. കളിയും കുറുമ്പും കൊച്ചുകൊച്ചു കള്ളത്തരങ്ങളുമായുള്ള കൗമാരക്കാരുടെ യാത്രയില്‍ വയലിനുമായി ബാലുവും.
രാവിനെ കീറിമുറിച്ചു കുതിച്ചുപായുന്ന തീവണ്ടിയുടെ ചൂളംവിളിക്കൊപ്പം പതിയെ വയലിനില്‍ നിന്നു സ്വരങ്ങള്‍ പെയ്തുതുടങ്ങി. മൂന്നുബോഗികളിലായി യാത്ര ചെയ്തിരുന്ന കുസൃതിക്കൂട്ടം ബാലുവിലും വയിലിനിലേക്കും ഒതുങ്ങി. നിറയെ നിലാവ് പരന്നിരുന്ന ആ ഫെബ്രുവരി രാത്രി പുലരും വരെ പിന്നെയാരും കാതടപ്പിക്കുന്ന ചൂളംവിളി കേട്ടതേയില്ല, പകരം മനസ്സ് നിറഞ്ഞ വയലിനിലൂടെ പെയ്തിറങ്ങിയ സ്വരമഴയില്‍ നനയുകയായിരുന്നു പോലും. പിന്നീട് കലോത്സവ വേദിക്കരികില്‍ എല്ലാം മറന്ന് വയലിന്‍ മീട്ടിയ മാന്ത്രികനു മുന്നില്‍, കലോത്സവം പോലും മറന്ന് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കോളജ് കുട്ടികള്‍ മിഴിച്ചു നിന്നതും, കലോത്സവ നഗരി വയലിന്‍ കാര്‍ണിവലായി മാറിയതുമെല്ലാം ബാലുവിന്റെ കൂട്ടുകാരിലൂടെ അറിഞ്ഞ കഥകള്‍ മാത്രം.
പപ്പാ വിളി കേള്‍ക്കാതിരിക്കുന്നതെങ്ങനെ?
ഓരോ ഈണവും പുഞ്ചിരിയും കൊണ്ട് നമ്മളെ വലിച്ചടുപ്പിച്ചുകൊണ്ടിരുന്ന ബാലുവിനെ നിര്‍ത്താതെ മനസ്സില്‍ മീട്ടിയിരുന്നത് വയലിന്‍ ആയിരുന്നില്ല, തേജസ്വിനി എന്ന കുട്ടിക്കുറുമ്പിയെ ആയിരിക്കാം. വളരെ നേരത്തെ ദൈവം വിരലുകളില്‍ തൊട്ടിട്ടും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു ബാലക്കും ലക്ഷ്മിക്കും തേജുവിന്റെ കുഞ്ഞിക്കാലില്‍ തൊട്ട് ഒന്നു ഉമ്മ വയ്ക്കാന്‍. അവളുടെ ഓരോ പുഞ്ചിരിയിലും ഒരായിരം വയലിനുകള്‍ ഒന്നിച്ചു ശബ്ദിച്ചിരുന്ന ദിവസങ്ങളില്‍ അച്ഛെന്റ മാറില്‍ തലചായ്ച്ചു തന്നെയായിരുന്നു ആ പുഞ്ചിരി നിലച്ചുപോയതും. കൊച്ചരി പല്ലുകള്‍ കാട്ടി കുണുങ്ങിച്ചിരിച്ച് പപ്പാ എന്ന് വിളിക്കുമ്പോള്‍ ബാലുവിനെ പോകാതിരിക്കുന്നതെങ്ങനെ? അവള്‍ക്ക് വേണ്ടി മാത്രം മീട്ടാനായിരിക്കാം പാതിവഴിയില്‍ വയലിന്‍ നിര്‍ത്തി മകള്‍ക്ക് പിന്നാലെ നടന്നകന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."