സഊദിയില്‍ കടകള്‍ മുഴുവന്‍ സമയവും തുറക്കാം
ജിദ്ദ: സഊദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം.
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നതു കൊണ്ടാണ് വ്യാപാര, ഭക്ഷണശാലകള്‍ക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.
സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
കൂടുതല്‍ ജോലി സാധ്യതകള്‍ സൃഷ്ടിക്കുന്നതോടൊപ്പം സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കുവാനും പുതിയ തീരുമാനം സഹായമാകും.
അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ മുനിസിപ്പല്‍ ഗ്രാമ കാര്യമന്ത്രാലയം തീരുമാനിക്കും. 24 മണിക്കൂറും പ്രവര്‍ത്തനാനുമതി നല്‍കുന്നത് ചില്ലറ വ്യാപാര മേഖല ഒഴിച്ചുള്ള മേഖലകളില്‍ നല്ല ഫലമുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ചില വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക അനുമതി നല്‍കുന്നുണ്ട്.
കര്‍ശന വ്യവസ്ഥകളോടെയാണ് നിലവില്‍ അനുമതി നല്‍കുന്നത്. ഇതിനായി മുനിസിപ്പല്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച് അനുമതിയെടുത്താല്‍ മാത്രം മതി. ഫീസ് എത്രയാണെന്നത് മുനിസിപ്പല്‍ കാര്യാലയത്തിന് തീരുമാനിക്കാം.
എന്നാല്‍ സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതിയുടെ ഭാഗമായി നമസ്‌കാര സമയങ്ങളിലും കടകള്‍ അടച്ചിടേണ്ടി വരില്ലെന്ന റിപ്പോര്‍ട്ട് അധികൃതര്‍ നിഷേധിച്ചു.
നമസ്‌കാര സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രിസഭ കൈക്കൊണ്ട തീരുമാനവുമായി ഇതിനു ബന്ധമില്ലെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ദുഗൈഥിര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."