2034 ലെ ഏഷ്യന്‍ ഗെയിംസ് സഊദി അറേബ്യയിൽ
റിയാദ്: 2034 ലെ ഏഷ്യന്‍ ഗെയിംസ് സഊദി അറേബ്യയിലെ റിയാദിൽ അരങ്ങേറും. മസ്കത്തില് ചേര്‍ന്ന ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ യോഗത്തിലാണ് സഊദിയെ വേദിയായി പ്രഖ്യാപിച്ചത്. 2030 ലെ ഏഷ്യാഡ് ഖത്തറിലെ ദോഹയിലും അരങ്ങേറും. ഇതാദ്യമായാണ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഒരു പ്രധാന കായികമേളക്ക് സഊദി അറേബ്യ വേദിയാകുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനം വഴി നടന്ന വോട്ടെടുപ്പിന് ശേഷമാണ് സഊദി വേദിയായി ഏഷ്യൻ ഒളിമ്പിക്സ് കൗൺസിൽ പ്രഖ്യാപിച്ചത്. സാങ്കേതിക കാരണങ്ങളാൽ മണിക്കൂറുകൾ വൈകിയാണ് വോട്ടെടുപ്പ് പൂർത്തീകരിച്ചത്.
നേരത്തെ, 2006 ൽ ഖത്തറിലെ ദോഹയിൽ ഏഷ്യൻ ഗെയിംസ് നടന്നിരുന്നെങ്കിലും ഇത്തരത്തിലുള ഗെയിംസ് ആദ്യമായാണ് സഊദിയിൽ അരങ്ങേറുന്നത്. രാജ്യത്തെ കായികം രംഗം ആകെ മാറിയിട്ടുണ്ടെന്നും പ്രത്യേകിച്ച് സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നു വരുന്നത് സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചുവേണും സഊദി സ്പോർട്സ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. ഏഷ്യൻ ഗെയിംസ് നടത്താൻ സഊദി പര്യാപ്തമാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ വരും വർഷങ്ങളിൽ രാജ്യത്ത് സുപ്രധാന ബോക്സിങ് പരിപാടികളും ഫോർമുല വൺ പോലെയുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027 ലെ ഏഷ്യൻ ഫുട്ബോൾ കപ്പ് മത്സരവും സഊദിയിൽ നടത്താനുള്ള ഒരുക്കത്തിലാണ് രാജ്യം. ഇതിനായി സഊദിയെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."