പരസ്പര ധാരണയോടെ മൂന്നു കുടുംബങ്ങള്‍ ഒന്നിച്ചു; അവയവ ദാനത്തില്‍ പുതുചരിത്രം
കോഴിക്കോട്: നാദിറയുടെ വൃക്ക ഭര്‍ത്താവ്് അബൂബക്കറിന് സ്വീകരിക്കാമായിരുന്നു. പ്രിയതമന് വൃക്ക പകുത്തു നല്‍കാനാണ് പെരിന്തല്‍മണ്ണ സ്വദേശിനി നാദിറ ആശുപത്രിയില്‍ എത്തിയിരുന്നതും. എന്നാല്‍ തന്റെ വൃക്ക മറ്റൊരാള്‍ക്ക് നല്‍കി മൂന്നാമതൊരാളുടെ വൃക്ക ഭര്‍ത്താവ് സ്വീകരിച്ചാല്‍ മൂന്നു കുടുംബങ്ങളുടെ പ്രതീക്ഷകള്‍ക്ക് പുതു ജീവനുണ്ടാകുമെന്ന എന്ന ആശയം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ നാദിറക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
പരസ്പര ധാരണയോടെ മൂന്നു കുടുംബങ്ങള്‍ ഒന്നിച്ചപ്പോള്‍ സംസ്ഥാനത്തെ അവയവദാന ചരിത്രത്തില്‍ പുതിയ കാല്‍വയ്പ്പുമായി അത്. സ്വാപ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന അവയവ കൈമാറ്റ രീതിയിലൂടെ ആസ്റ്റര്‍ മിംസിലാണ് മൂന്നുപേര്‍ക്ക് പുതുജീവന്‍ ലഭിച്ചത്.
ജീവന്‍ പകുത്തു നല്‍കാന്‍ ഇവരുടെ പങ്കാളികള്‍ തയാറായെങ്കിലും വൃക്ക മാറ്റിവയ്ക്കലിനുള്ള ക്രോസ് മാച്ചിംഗ് പരാജയപ്പെട്ടതാണ് സ്വാപ് ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെ മാച്ചിംഗ് ശരിയാകുന്നവര്‍ക്ക് അവയവം നല്‍കുകയും പകരം അടുത്തയാളില്‍നിന്ന് സ്വീകരിക്കുകയുമായിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി അബൂബക്കര്‍, കണ്ണൂര്‍ സ്വദേശി സുനിത കുമാരി എന്നിവര്‍ക്കാണ് അവയവം മാറ്റിവെച്ചത്.
അബൂബക്കറിന്റെ ഗ്രൂപ്പ് ബി പോസിറ്റീവും ഭാര്യ നാദിറയുടെ ബ്ലഡ് ഗ്രൂപ്പ് ഒ പോസിറ്റീവുമായിരുന്നു. യൂനിവേഴ്‌സല്‍ ഗ്രൂപ്പ് ആയതിനാല്‍ നാദിറയുടെ വൃക്ക അബൂബക്കറിന് സ്വീകരിക്കാന്‍ സാധിക്കുമായിരുന്നു. സുനിത കുമാരിയുടേയും ഭര്‍ത്താവിന്റെയും രക്തഗ്രൂപ്പ് ബി പോസിറ്റീവ് ആണെങ്കിലും ഹിമറ്റോളജി സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ പരസ്പരം ദാനം ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. മുഹമ്മദിന്റെ ഭാര്യ ബുഷറയുടെ രക്തഗ്രൂപ്പ് ബി പോസിറ്റീവ് ആയിരുന്നു. വിദഗ്ധ പരിശോധനയില്‍ ഇത് സുനിത കുമാരിക്ക് അനുയോജ്യമാണെന്ന് മനസിലായി. ഈ സാഹചര്യത്തിലാണ് സുനിതകുമാരിയുടെ രക്തഗ്രൂപ്പ് അബൂബക്കറിന്റെതുമായി ക്രോസ്മാച്ചിംഗ് ആകുന്നു എന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണ് ത്രീ വേ സ്വാപ് ട്രാന്‍സ്പ്ലാന്റിന്റെ സാധ്യത ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ തെളിഞ്ഞത്.
സര്‍ക്കാര്‍ തലത്തിലുള്ള അംഗീകാരം കൂടി ലഭ്യമായതോടെ കാര്യങ്ങള്‍ കൂടുതല്‍ വേഗതയില്‍ മുന്നോട്ട് നീങ്ങി.
ആസ്റ്റര്‍ മിംസ് നെഫ്രോളജി വിഭാഗം തലവന്‍ ഡോ.സജിത്ത് നാരായണന്‍, ഡോ.ഫിറോസ് അസീസ്, ഡോ. എന്‍.എ ഇസ്മയില്‍, ഡോ. ബി. ശ്രീജേഷ്, ട്രാന്‍സ്പ്ലാന്റ് അസി. മാനേജര്‍ അന്‍ഫി മിജോ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാസങ്ങള്‍ നീണ്ട ക്രോസ് മാച്ചിംഗ് ടെസ്റ്റുകളിലൂടെയാണ് ഈ ത്രീ വേ സ്വാപ് സര്‍ജറി യാഥാര്‍ഥ്യമായത്. യൂറോളജി വിഭാഗം മേധാവി ഡോ. രവികുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് സര്‍ജറികളിലൂടെയാണ് ഈ വിജയം കൈവരിച്ചത്. ഡോ.അഭയ് ആനന്ദ്, ഡോ.ആര്‍. സുര്‍ദാസ്, ജോ. ജിതിന്‍, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. കിഷേര്‍, ഡോ. പ്രീത ചന്ദ്രന്‍, ജോ. രമേഷ്, ഡോ. നമിത എന്നിവരും സര്‍ജറിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."