HOME
DETAILS
MAL
സഊദിയിൽ നടക്കുന്ന ഫോർമുല ഇ കാറോട്ട മത്സരത്തിനു വിസ അനുവദിച്ചു തുടങ്ങി
backup
October 02 2018 | 15:10 PM
റിയാദ്: സഊദി ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഫോർമുല ഇ കാറോട്ട മത്സരത്തിന് ടൂറിസം വിസകൾ അനുവദിച്ചു തുടങ്ങി. ഓൺലൈൻ വഴി പതിനാലു ദിവസത്തേക്ക് അനുവദിക്കുന്ന ടൂറിസം വിസക്ക് 640 റിയാലാണ് തുക. പുറമെ ടിക്കറ്റിനു 395 റിയാലും വില വരുന്നുണ്ട്. വിവിധ കാറ്റഗറികളിലായി 395 റിയാൽ മുതൽ 10,000 (പതിനായിരം) റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. നാല്പത്തിനായിരം പേർക്കാണ് ഇത്തരത്തിൽ വിസ അനുവദിക്കുന്നത്.
ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഓൺലൈൻ വഴി തന്നെ വിസ ലഭ്യമാകും. തുടർന്ന് വിസ സ്റ്റാമ്പിങ്ങോ മറ്റു നടപടിക്രമങ്ങളോ ആവശ്യമില്ലാതെ നേരിട്ടു സഊദിയിൽ പ്രവേശിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കാർ റേസിംഗ് കാണാനായി വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഊദി ടൂറിസം അതോറിറ്റിയുടെ കീഴിൽ "ശാരിക്" എന്ന ഓൺലൈൻ സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
ശാരിക് ഓൺലൈനിൽ കയറിയാൽ വിസ ആവശ്യമുണ്ടോ ഇല്ലയോ എന്ന ഭാഗം സെലെക്റ്റ് ചെയ്‌താൽ ടിക്കറ്റ് സെലക്റ്റ് ചെയ്യാം. തുടർന്ന് പണമടച്ച് ഓൺലൈൻ ടിക്കറ്റും വിസയും ലഭ്യമാകും. കാറോട്ട മത്സരത്തിന്റെ ഔദ്യോഗിക എയർലൈൻസ് സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയാണ്. അന്താരാഷ്‌ട്ര കാറോട്ട മത്സരത്തിന്റെ സഊദി പതിപ്പാണ് ഡിസംബറിൽ അരങ്ങേറുക.ഇതാദ്യമായാണ് സഊദി ഓൺലൈൻ വിസയും അനുവദിക്കുന്നത്.
പ്രമുഖ ബഹുരാഷ്‌ട്ര കമ്പനിയായ എ ബി ബി യുമായി സഹകരിച്ചാണ് അന്ത്രാഷ്‍ട്ര കാറോട്ട മത്സരം സഊദി സംഘടിപ്പിക്കുന്നത്. സഊദിയുടെ ആദ്യ തലസ്ഥാനമായ ദർഇയ്യയിലാണ് മിഡിൽ ഈസ്‌റ്റിലെ ആദ്യ ഫോർമുല ഇ മത്സരമായ ദർഇയ്യ പ്രീ മത്സരം നടക്കുക. ഇതോടനുബന്ധിച്ചു തുടർച്ചയായ മൂന്നു ദിവസം സംഗീത വിനോദ പരിപാടികളും അരങ്ങേറും. സഊദി ജനറൽ സ്പോർട്സ് അതോറിറ്റി ഫോമാ ഇ യുമായി പത്ത് വർഷത്തെ കരാർ ഒപ്പു വെച്ചിട്ടുണ്ട്. കാർ റേസിംഗ് രംഗത്ത് ഏറെ പ്രേമികളുള്ള സഊദിയിൽ കാർ റേസിംഗ് മത്സരം ഏറെ വിജയം കാണുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. www.sharek.sa/formulae എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."