നിറകണ്ണുകളോടെ ജുനൈദിന്റെ മാതാപിതാക്കള്‍ മക്കയില്‍
മക്ക: പശു ഇറച്ചിയുടെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന കൊലപാതകത്തിന്റെ ഇരയായ ഉത്തരേന്ത്യയിലെ ജുനൈദിന്റെ മാതാപിതാക്കള്‍ നിറകണ്ണുകളോടെ വിശുദ്ധ മക്കയില്‍.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ ഇവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മക്കയിലെത്തിയത്. മക്കയിലെത്തിയ ഇവര്‍ ആദ്യ ഉംറ പൊന്നു മോനു വേണ്ടിയാണെന്നു വെളിപ്പെടുത്തി.
വിശുദ്ധ കഅബയുടെ ചാരത്തണഞ്ഞപ്പോള്‍ ലഭിച്ച ആശ്വാസം ഒന്നുമാത്രമാണ് അവര്‍ക്കിപ്പോള്‍ ജീവിതത്തിലെ കൈമുതല്‍.
ഹരിയാനയിലെ വല്ലഭഗഡിലെ ജുനൈദിന്റെ മാതാപിതാക്കളായ ജലാലുദ്ദീനും സൈറയുമാണ് നീതി കിട്ടാനായി വിശുദ്ധ ഭൂമിയില്‍ നിറകണ്ണുകളോടെ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നത്. വിശുദ്ധ ഉംറ നിര്‍വഹിക്കണം, മകനു നീതി ലഭിക്കണം, റസൂലിനോട് സലാം പറയണം എന്നീ മൂന്നു കാര്യങ്ങളാണ് ജീവിതാഭിലാഷമായി ബാക്കിയുള്ളതെന്നും ഇരുവരും പറഞ്ഞു.
ഇക്കഴിഞ്ഞ ഏഴിനാണ് ഇവര്‍ മദീനയില്‍ എത്തിയത്. പുണ്യഭൂമിയിലെത്തിയ ഇവര്‍ക്ക് മലയാളി ഹജ്ജ് സേവക സംഘങ്ങളുടെ സ്വീകരണം ഇരട്ടി മധുരമാണ് സമ്മാനിച്ചത്. ജീവിതമാര്‍ഗമായിരുന്ന ടാക്‌സി കാര്‍ വാങ്ങിനല്‍കിയത് മലയാളികളാണെന്നു ഓര്‍ത്തെടുത്ത ഇവര്‍ മകന്റെ പേരില്‍ ഒരു മദ്‌റസ നിര്‍മിക്കുന്നതും അയവിറക്കി. തങ്ങളുടെ പൊന്നുമോന്റെ ദുര്‍ഗതി ഇനിയൊരാള്‍ക്കും ഉണ്ടാകരുത്. അതിനാണ് പോരാട്ടവും പ്രാര്‍ഥനയും. പണം ഒരുക്കൂട്ടിയാണ് ഹജ്ജിനെത്തിയതെന്നും ആദ്യ തവണ അപേക്ഷിച്ചപ്പോള്‍ തന്നെ ലഭിച്ചെന്നും ഇവര്‍ പറഞ്ഞു. ഹജ്ജിനു ശേഷം അടുത്ത മാസം 18 നാണു ഇവരുടെ മടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."