പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആത്മഹത്യ: സഊദിയില്‍ നിന്നെത്തിച്ച പ്രവാസിയായ പ്രതി റിമാന്‍ഡില്‍
കരുനാഗപ്പള്ളി (കൊല്ലം): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത കേസില്‍ സഊദിയിലേക്ക് മുങ്ങിയ പ്രവാസിയായ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി പൊലിസ് സംഘം റിയാദില്‍ നിന്ന് കൊല്ലത്ത് എത്തിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവാളത്തിലെത്തിയ കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് തുടര്‍ന്ന് പ്രതി ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) ഓച്ചിറ പൊലിസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ക്കു ശേഷം കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഞായാറാഴ്ച റിയാദിലെത്തിയ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയും സഊദി അറേബ്യയും കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പൊലിസ് ഓഫിസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഒന്നര വര്‍ഷമായി നടത്തിവന്ന ശ്രമങ്ങള്‍ വിജയിക്കാതായതോടെയാണ് കേരള പൊലിസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചത്. റിയാദില്‍ നിന്ന് പിടികൂടിയ പ്രതിയെ അല്‍ഹൈര്‍ ജയിലിലാണ് പാര്‍പ്പിച്ചത്.
2017ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രവാസിയായ സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പട്ടികജാതി വിഭാഗക്കാരിയായ കുട്ടിയുടെ പിതൃസഹോരന്റെ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപനായ ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈന് വിവരം കൈമാറുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വ്യക്തമായി.
അന്വേഷണം നടക്കുന്നതിനിടെ പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് പോയി. മഹിളാമന്ദിരത്തില്‍ കഴിയവെ പീഡനത്തിനിരയായ പെണ്‍കുട്ടി അന്തേവാസിയായ മറ്റൊരു കുട്ടിക്കൊപ്പം ജീവനൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."