തെങ്ങുവീണ് വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു
എടച്ചേരി: വൈദ്യുതി കമ്പിയില്‍ തെങ്ങ് കടപുഴകി വീണ് നാല് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പുറമേരി - കുനിങ്ങാട് റോഡില്‍ കുളങ്ങര പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് വൈദ്യുതി കമ്പിയിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ അടുത്തടുത്തായി നില്ക്കുന്ന നാല് ഇലക്ട്രിക് പോസ്റ്റുകള്‍ നിലംപൊത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. പുറമേരി - കുനിങ്ങാട് റോഡില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. ഉച്ച സമയമായതിനാല്‍ വാഹനങ്ങള്‍ കുറവായത് വന്‍ ദുരന്തം ഒഴിവാക്കി. തൊട്ടടുത്തുള്ള പള്ളിയിലേക്ക് വെള്ളിയാഴ്ച ജുമഅനിസ്കാരത്തിന് ആളുകള്‍ എത്തുന്നതിന് കുറച്ചു മുന്‍പാണ് അപകടം നടന്നത്. വഴിയാത്രക്കാരന് എടച്ചേരി ഇലക്ട്രിസിറ്റി ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വൈദ്യുതബന്ധം വിഛേദിച്ചു. തലേ ദിവസം പെയ്ത ശക്തമായ മഴയില്‍ തെങ്ങ് അടിഭാഗം മണ്ണിളകിയ നിലയിലായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ ഇലക്ടിസിറ്റി ഓഫിസില്‍ നിന്നും ജീവനക്കാരെത്തി തെങ്ങ് മുറിച്ചു മാറ്റി. റോഡിന് കുറുകെ കിടക്കുന്ന വൈദ്യുതി തൂണുകളും നീക്കം ചെയ്തു. എന്നാല്‍ പുതിയ തൂണുകള്‍ സ്ഥാപിച്ച് വൈദ്യുതകമ്പികള്‍ നാട്ടാന്‍ സമയമെടുക്കുമെന്നതിനാല്‍ പ്രദേശത്ത് വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. നാലു പോസ്റ്റുകള്‍ മാറ്റി ബാക്കി ജേലികള്‍ കൂടി പൂര്‍ത്തീകരിച്ച് ഇന്ന് രാത്രിയോടെ വൈദ്യതി ബന്ധം പുന:സ്ഥാപിക്കാന്‍ പറ്റുമെന്ന് ഇലക്ട്രിസിറ്റി അധികൃതര്‍ അറിയിച്ചു. അതെ സമയം റമദാന് തുടങ്ങിയതോടെ വീടുകളില്‍ വൈദ്യുതി നഷ്ടമായത് പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് ഏറെ പ്രയാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."