കുത്തിയത് ശിവരഞ്ജിത്തെന്ന് മൊഴി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പൊലിസ് രേഖപ്പെടുത്തി. ഡോക്ടര്‍മാരുടെ അനുമതിയോടെയായിരുന്നു മൊഴിയെടുപ്പ്.
സംഘര്‍ഷത്തിനിടെ കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്നും സെക്രട്ടറിയായിരുന്ന നസീം പിടിച്ചുവച്ചുവെന്നും അഖില്‍ മൊഴി നല്‍കി. കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയെ താനുള്‍പ്പെടുന്ന ഒരുവിഭാഗം പ്രവര്‍ത്തകര്‍ അനുസരിക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. രണ്ടുദിവസമായി ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. സംഭവദിവസം കാംപസില്‍ പാട്ടുപാടരുതെന്നും ക്ലാസില്‍ പോകണമെന്നും യൂനിറ്റ് കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നും അഖില്‍ മൊഴി നല്‍കി. കത്തിക്കുത്ത് ആസൂത്രിതമായിരുന്നുവെന്ന പൊലിസ് റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന മൊഴിയാണ് അഖില്‍ നല്‍കിയത്. അഖിലിനെ ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുത്തിട്ടുണ്ട്. മരണകാരണമായേക്കാവുന്ന ഗുരുതരമായ പരുക്കാണ് അഖിലിന് സംഭവിച്ചതെന്നാണ് ഡോക്ടര്‍ മൊഴിനല്‍കിയത്.
അതിനിടെ, കേസിലെ ഒന്നും രണ്ടുംപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും തിരുവനന്തപുരം മൂന്നാം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നുദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍വിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കണം. ഇവരെ ഇന്ന് തെളിവെടുപ്പിനെത്തിക്കും.
കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കേണ്ടതുണ്ടെന്നും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കേരള സര്‍വകലാശാലാ ഉത്തരക്കടലാസിന്റെയും ഫിസിക്കല്‍ എജ്യുക്കേഷന്‍ മേധാവിയുടെ സീലിന്റെയും ഉറവിടം കണ്ടെത്തണമെന്നും ഇവ എന്തിനൊക്കെ ഉപയോഗിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. പ്രതികളെ തെളിവെടുപ്പിനായി കോളജില്‍ കൊണ്ടുപോയാല്‍ ജീവന് ഭീഷണിയുണ്ടാകുമെന്നും അതിനാല്‍ രണ്ടുദിവസം മാത്രമേ കസ്റ്റഡി അനുവദിക്കാവൂവെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കോളജില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. കോളജിലെ അക്രമസംഭവങ്ങളെയും പരീക്ഷാക്രമക്കേടുകളെയും സംബന്ധിച്ച് അഖില കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണിത്. എന്നാല്‍, മൊഴി നല്‍കാനില്ലെന്ന് അഖില വ്യക്തമാക്കി. കേസില്‍ ഇനി 14 പേരെയാണ് പിടികൂടാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."