പ്രതീക്ഷിച്ച വിജയം നേടാനാവാതെ ആര്‍.എസ്.പി; പി.ഡി.പി കൊല്ലത്ത് ഒന്നിലൊതുങ്ങി
കൊല്ലം: കൊല്ലം ജില്ലയില്‍ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയിയായ ആര്‍.എസ്.പിക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതെ വന്നപ്പോള്‍ ഇടതുമുന്നണി ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് (ബി) മികച്ച വിജയം നേടി. പി.ഡി.പിക്ക് ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡിലെ വിജയംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കൊല്ലം കോര്‍പറേഷനില്‍ ആര്‍.എസ്.പി ഇത്തവണ 11 സീറ്റുകളില്‍ മത്സരിച്ചെങ്കിലും മൂന്നിടത്തു മാത്രമാണ് വിജയിക്കാനായത്. ജില്ലാ പഞ്ചായത്തില്‍ നാലു സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ചവറയില്‍ വിജയം നേടാനായതാണ് ഏക നേട്ടം. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ചവറ മേഖലയിലെ ചില ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന വിജയം മാത്രമാണ് നേടാനായത്.
കേരളാ കോണ്‍ഗ്രസ് (ബി) കൊട്ടാരക്കര നഗരസഭയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മത്സരിച്ച എട്ടില്‍ ആറിടത്ത് വിജയിച്ച പാര്‍ട്ടിക്ക് നഗരസഭയില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികളിലൊന്നു ലഭിച്ചേക്കും. കഴിഞ്ഞ തവണയും ആറു സീറ്റുകള്‍ പാര്‍ട്ടി നേടിയിരുന്നു. പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായ കൊട്ടാരക്കര,പത്തനാപുരം താലൂക്കുകളിലെ ചില വാര്‍ഡുകളിലും പ്രാതിനിധ്യം ഉറപ്പിക്കാനായി. പി.ഡി.പി കൊല്ലം കോര്‍പറേഷനിലെ മൂന്ന് ഉള്‍പ്പെടെ ജില്ലയില്‍ 63 സീറ്റുകളില്‍ മത്സരിച്ചെങ്കിലും തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."