സുദാനില്‍ ഭരണം പങ്കിടാന്‍ സൈന്യവും പ്രതിപക്ഷ സഖ്യവും ഒത്തുതീര്‍പ്പിലെത്തി
ഖാര്‍ത്തൂം: രക്തരൂഷിതമായ പ്രക്ഷോഭങ്ങള്‍ക്കും വിലപേശലിനുമൊടുവില് സുദാനില്‍ സൈന്യവും പ്രതിപക്ഷ സഖ്യവും ഒത്തുതീര്‍പ്പിലെത്തി. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സൈനികസമിതിയും പ്രതിപക്ഷവും ചേര്‍ന്ന പരമാധികാര സമിതി ഊഴമിട്ട് ഭരണം നടത്താനുള്ള ഉടമ്പടിയില്‍ ഇരുവിഭാഗം നേതാക്കളും ഒപ്പുവച്ചു.
11 അംഗ ഭരണസമിതി മൂന്നുവര്‍ഷമാണ് ഭരണം നടത്തുക. അതിനു ശേഷം പൊതുതെരഞ്ഞെടുപ്പ് നടത്തും. ഭരണസമിതിയില്‍ ആറുപേര്‍ സിവിലിയന്മാരും അഞ്ചുപേര്‍ സൈനികസമിതി അംഗങ്ങളുമായിരിക്കും. ആദ്യത്തെ 21 മാസം സൈനിക സമിതിയുടെ ജനറലും തുടര്‍ന്ന് 18 മാസം സിവിലിയന്‍ ബോഡിയുമാണ് ഭരണം നടത്തുക. കുട സമര പ്രസ്ഥാനമാണ് പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുക. അദ്ദേഹത്തിനു കീഴില്‍ 20 അംഗ കാബിനറ്റ് മന്ത്രിമാരുമുണ്ടാകും. ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി എന്നിവരും ഇതിലുണ്ടാവും. കൂടാതെ സൈന്യത്തിന്റെ രണ്ട് ഉദ്യോഗസ്ഥരും. സൈന്യത്തിന്റെ വെടിയേറ്റ് ഇതുവരെ 128 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി സമരക്കാരും 61 പേരാണ് മരിച്ചതെന്ന് സൈന്യവും പറയുന്നു. കിരാദമായ മര്‍ദനമുറകള്‍ സൈന്യം സ്വീകരിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ പറയുന്നു. എന്നാലവ വ്യാജമാണെന്നാണ് സൈന്യത്തിന്റെ വാദം. നിരവധി പേര് കൊല്ലപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്താനും ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."