ഹരിതകേരളം പദ്ധതി: സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ വൃക്ഷത്തൈ വിതരണം തുടങ്ങി
കല്‍പ്പറ്റ: സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തയാറാക്കിയ വൃക്ഷത്തൈകളുടെ വിതരണം തുടങ്ങി.
വിവിധ ഇനത്തില്‍പ്പെട്ട 250000 തൈകളാണ് വനം വകുപ്പിന്റെ വിവിധ നഴ്സറികളില്‍ തയാറായിട്ടുള്ളത്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവ മുഖാന്തരമാണ് വനം വകുപ്പ് ഇത് സൗജന്യമായി ജനങ്ങളില്‍ എത്തിക്കുന്നത്.
വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമുള്ള വൃക്ഷത്തൈകളുടെ നഴ്സറികളില്‍ നിന്നുള്ള വിതരണത്തിന്റെ ഉദ്ഘാടനം ചുഴലിയിലെ നഴ്സറിയില്‍ നടന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.ജെ ജോസില്‍ നിന്ന് വിതരണത്തിനുള്ള തൈകള്‍ ഏറ്റുവാങ്ങി.
കണികൊന്ന, മഹാഗണി, താന്നി, ഉങ്ങ്, ആര്യവേപ്പ്, കറിവേപ്പ്, കുമിഴ,് മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി, ഞാവല്‍, സീതപഴം, പേര, വാളന്‍പുളി, ലക്ഷ്മിതരു, ഗുല്‍മോഹര്‍, പൂവരശ്, മുള, ഉറുമാമ്പഴം, ആത്തചക്ക, പ്ലാവ്, മാവ്, ആഞ്ഞിലി എന്നീ ഇനത്തിലുളള വൃക്ഷതൈത്തകളാണ് വിതരണം ചെയ്യാന്‍ തയാറാക്കിയിട്ടുള്ളത്. തൈകള്‍ വിതരണത്തിന് ആവശ്യമുളള വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൂട്ടി അപേക്ഷ നല്‍കണം.
കല്‍പ്പറ്റ ചുഴലിയില്‍ നിന്ന് തൈകള്‍ വാങ്ങേണ്ടവര്‍ 8547603847 എന്ന നമ്പറിലും മാനന്തവാടി ബേഗൂര്‍ നഴ്സറിയുമായി ബന്ധപ്പെടാന്‍ 8547603853 എന്ന നമ്പറിലും ബത്തേരി കുന്താണിയുമായി 8547603850 എന്ന നമ്പറിലും ബന്ധപ്പെടണം. സൗജന്യമായി തൈകള്‍ കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ ലോകപരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ട് സംരക്ഷിച്ച് വളര്‍ത്തുമെന്ന് ഉറപ്പാക്കണം.
തൈകള്‍ വില്‍ക്കാനോ, മാറ്റിവയ്ക്കാനോ പാടില്ലെന്നും തൈകളുടെ പരിപാലനം സംബന്ധിച്ച് പരിശോധന നടത്തുമെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ ഷജ്ന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."