ട്രംപിനെതിരേ യു.എസ് ജനപ്രതിനിധി സഭ
വാഷിങ്ടണ്‍: വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രകോപനപരമായ പരാമര്‍ശങ്ങളെ അപലപിച്ച് യു.എസ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കി.
ഡെമോക്രാറ്റിക് കോണ്‍ഗ്രസിലെ നാല് വനിതാ അംഗങ്ങളെയാണ് ട്രംപ് വംശീയമായി അധിക്ഷേപിച്ചത്. പ്രസിഡന്റിന്റെ അഭിപ്രായങ്ങളെ ഔദ്യോഗികമായി ശാസിച്ച ഈ നടപടിയെ അനുകൂലിച്ച് സഭയിലെ 240 അംഗങ്ങളില്‍ 187 പേരും വോട്ട് ചെയ്തു.
ടെക്‌സസിലെ പ്രതിനിധികളായ വില്‍ ഹര്‍ഡ്, പെന്‍സില്‍വാനിയയിലെ ബ്രയാന്‍ ഫിറ്റ്‌സ്പാട്രിക്, മിഷിഗനിലെ ഫ്രെഡ് ആപ്റ്റണ്‍, ഇന്ത്യാനയിലെ സൂസന്‍ ബ്രൂക്‌സ് എന്നീ നാല് റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ പിന്തുണച്ചു. ട്രംപിനെതിരേ ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്ത ശേഷം അടുത്തിടെ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി രജിസ്റ്റര്‍ ചെയ്ത മിഷിഗണില്‍നിന്നുള്ള മുന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി ജസ്റ്റിന്‍ അമാഷും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
യു.എസ് പ്രതിനിധികളായ അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ടെസ്, ഇല്‍ഹാന്‍ ഉമര്‍, അയന പ്രസ്‌ലി, റാഷിദ ത്‌ലൈബ് എന്നിവര്‍ക്കെതിരേയായിരുന്നു ട്രംപ് തുടരെ അധിക്ഷേപകരമായി ട്വീറ്റ് ചെയ്തിരുന്നത്. ഇതില്‍ ഇല്‍ഹാന്‍ ഉമര്‍ 12ാം വയസില്‍ സൊമാലിയയില്‍ നിന്നും അഭയാര്‍ഥിയായി അമേരിക്കയില്‍ എത്തിയതാണ്. ബാക്കി മൂന്നുപേരും അമേരിക്കയില്‍ ജനിച്ച് വളര്‍ന്നവരും. പ്രസ്‌ലി ആഫ്രിക്കന്‍ അമേരിക്കക്കാരിയാണ്. ത്‌ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോര്‍ട്ടെസ് ന്യൂയോര്‍ക്ക് പ്യൂര്‍ട്ടോറിക്കന്‍ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ പുരോഗമനവാദികളും ഇടതുപക്ഷ ചായ്‌വുള്ള നയങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരുമാണ്.
നിങ്ങള്‍ക്ക് ഈ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. രാജ്യത്തിന്റെ പാരമ്പര്യവുമായി ഈ സ്ത്രീകള്‍ക്ക് ബന്ധമില്ല. അവരാണ് ഭൂമിയിലെ ഏറ്റവും വലിയതും ശക്തവുമായ രാഷ്ട്രമായ അമേരിക്കയില്‍ വന്നിട്ട് സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ പഠിപ്പിക്കുന്നത്.
നിങ്ങള്‍ ഈ നാടിനെ വെറുക്കുന്നവരാണെങ്കില്‍, രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാം എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."