പെന്റഗണിനെതിരേ യു.എസ് പ്രതിനിധി സഭ
വാഷിങ്ടണ്‍: കീടങ്ങളെ ഉപയോഗിച്ച് പെന്റഗണ്‍ നടത്തിയ പരീക്ഷണം ലൈം രോഗത്തിന്റെ വ്യാപനത്തിന് കാരണമായോ എന്ന് അന്വേഷിക്കാന്‍ യു.എസ് പ്രതിനിധിസഭ ആവശ്യപ്പെട്ടു. ന്യൂജേഴ്‌സിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ക്രിസ് സ്മിത്ത് മുന്നോട്ടുവച്ച ഭേദഗതിക്ക് സഭ അംഗീകാരം നല്‍കി. 1950നും 1975നും ഇടയില്‍ ചെള്ളുകള്‍ ഉള്‍പ്പെടെയുള്ള ചെറു പ്രാണികളെ ജൈവായുധമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങള്‍ നടത്തിയോ എന്ന് പരിശോധിക്കാന്‍ പ്രതിരോധ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ ജനറലിനോട് സഭ നിര്‍ദേശിച്ചു.
അവലോകനത്തില്‍ പരീക്ഷണത്തിന്റെ വ്യാപ്തിയും കൃത്യമായി വിലയിരുത്തേണ്ടതുണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം പരീക്ഷണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും പ്രാണികളെ ആകസ്മികമായോ പരീക്ഷണാടിസ്ഥാനത്തിലോ ലബോറട്ടറിക്ക് പുറത്തേക്ക് വിട്ടിട്ടുണ്ടോ എന്ന് വ്യക്തമായി പരിശോധിക്കണം. ഭേദഗതി സഭ ശബ്ദവോട്ടിലൂടെ അംഗീകരിക്കുകയും അത് പ്രതിരോധ ചെലവുകളുടെ ബില്ലില്‍ ചേര്‍ക്കുകയും ചെയ്തു. ഫോര്‍ട്ട് ഡിട്രിക്, മേരിലാന്‍ഡ്, ന്യൂയോര്‍ക്കിലെ പ്ലം ഐലന്റ് തുടങ്ങിയ യു.എസ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ചെള്ളുകള്‍ ഉള്‍പ്പെടെയുള്ള ചെറു പ്രാണികളെ ജൈവായുധമായി ഉപയോഗിച്ച് ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പുറത്തു വന്നിട്ടുണ്ട്. അതാണ് ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ പ്രചോദനമായതെന്ന് സ്മിത്ത് പറഞ്ഞു.
സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള സയന്‍സ് എഴുത്തുകാരനും മുന്‍പ് ലൈം ബാധിതനുമായിരുന്ന ക്രിസ് ന്യൂബി മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പുസ്തകത്തില്‍ ഈ രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ഓരോ വര്‍ഷവും 4,00,000 അമേരിക്കക്കാരാണ് ലൈം രോഗം പിടിപെട്ട് മരണപ്പെടുന്നത്. ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അമേരിക്കന്‍ ഐക്യനാടുകളിലെ ലൈം നഗരത്തിലാണെന്നതുകൊണ്ടാണ് ഇതിനെ ലൈം രോഗം എന്ന് വിളിക്കുന്നത്. ഇക്‌സോഡെസ് എന്ന ചെള്ളാണ് രോഗം പരത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."