വിലക്കിനെതിരേ കരാറുകാര്‍ ഹൈക്കോടതിയില്‍; പള്ളിവാസല്‍ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലേക്ക്
തൊടുപുഴ: കെ.എസ്.ഇ.ബി ഒഴിവാക്കിയ കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്നതില്‍ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ വിപുലീകരണം വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. പദ്ധതിയുടെ സര്‍ജ് മുതല്‍ പവര്‍ ഹൗസ് വരെയുള്ള കരാറുകാരായ എസ്.ആര്‍ ഗ്രൂപ്പിനെതിരേയുള്ള വൈദ്യുതി ബോര്‍ഡിന്റെ ടെര്‍മിനേഷന്‍ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നഷ്ടം നികത്താനെന്ന പേരില്‍ കരാറുകാരായ എസ്.ആര്‍ ഗ്രൂപ്പിന് നല്‍കാനുള്ള 37 കോടിയോളം രൂപ കെ.എസ്.ഇ.ബോര്‍ഡ് തടഞ്ഞുവച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാതെ പുതിയ ടെണ്ടര്‍ വിളിച്ച് കരാര്‍ ഉറപ്പിക്കാന്‍ നിയമതടസമുണ്ടാകും. ഇത് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കും.
നാലുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പള്ളിവാസല്‍ പദ്ധതിയുടെ നിര്‍മാണം കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. ഗുരുതരമായ വീഴ്ചമൂലം പ്രധാന കരാറുകാരായ എസ്.ആര്‍ ഗ്രൂപ്പ്, ഡി.ഇ.സി, സി.പി.പി.എല്‍ എന്നീ കമ്പനികള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തെ ഒഴിവാക്കി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 2015 ല്‍ സ്വീകരിച്ച ഫോര്‍ ക്ലോഷ്വര്‍ നടപടി പിണറായി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കണ്‍സോര്‍ഷ്യത്തിലെ കമ്പനികള്‍ വേര്‍പിരിഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
പദ്ധതിയുടെ സര്‍ജ് മുതല്‍ താഴോട്ടുള്ള ഭാഗം പൂര്‍ത്തിയാക്കാന്‍ കണ്‍സോര്‍ഷ്യത്തിലെ ഒരു കമ്പനിയായ എസ്.ആര്‍ ഗ്രൂപ്പിനെ തന്നെ ചുമതലപ്പെടുത്തി. ഇവര്‍ 2017 ഏപ്രിലില്‍ പണി തുടങ്ങി. 47 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് 2018 മാര്‍ച്ചില്‍ കെ.എസ്.ഇ.ബി കത്ത് നല്‍കി. എന്നാല്‍ കെ.എസ്.ഇ.ബി യുടെ എസ്റ്റിമേറ്റില്‍ തന്നെ 80 കോടി രൂപയുടെ വര്‍ക്കാണിതെന്ന് എസ്.ആര്‍ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പദ്ധതിയുടെ പ്രൊജക്ട് മാനേജര്‍ എസ്.ആര്‍ ഗ്രൂപ്പിന് ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കുകയായിരുന്നു. കെ.എസ്.ഇ.ബി യുടെ വഞ്ചനയ്‌ക്കെതിരേയാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്ന് എസ്.ആര്‍ ഗ്രൂപ്പ് പറയുന്നു.
മൂന്നാറിലെ ആര്‍.എ ഹെഡ്‌വര്‍ക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതി രൂപപ്പെടുത്തിയത്. 268.01 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇപ്പോള്‍തന്നെ 250 കോടിയിലധികം മുടക്കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."