ഇടതാധിപത്യം
സ്വന്തം ലേഖകന്‍
കോഴിക്കോട്: തദ്ദേശ ഭരണത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന ഇടത് ആധിപത്യം ഇത്തവണയും. ജില്ലയിലെ ഏക കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും കൂടുതല്‍ കരുത്തോടെ ഭരണം നിലനിര്‍ത്തിയ എല്‍.ഡി.എഫ് ബ്ലോക്ക് പഞ്ചായത്തുകളിലും വന്‍ മുന്നേറ്റം നടത്തി. അതേസമയം, മുന്‍സിപ്പാലിറ്റികളില്‍ യു.ഡി.എഫിന് മേല്‍ക്കൈ നേടാനായി. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് നിലമെച്ചപ്പെടുത്തി. ജില്ലാപഞ്ചായത്തില്‍ 27 ഡിവിഷനില്‍ 18 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. ഒന്‍പത് സീറ്റ് നേടി യു.ഡി.എഫ് നിലവിലെ സീറ്റ് നിലനിര്‍ത്തി.
കോര്‍പറേഷനില്‍ ആകെയുള്ള 75 വാര്‍ഡുകളില്‍ 51 സീറ്റ് നേടി എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടി. യു.ഡി.എഫിന് 17 സീറ്റേ ലഭിച്ചുള്ളൂ. ബി.ജെ.പിയുടെ സീറ്റ് ഏഴിലൊതുങ്ങി. നാല് സീറ്റിങ് സീറ്റുകള്‍ ഇത്തവണ നഷ്ടമായെങ്കിലും പുതിയ നാലെണ്ണം പിടിച്ചെടുത്താണ് ബി.ജെ.പി കഴിഞ്ഞ തവണത്തെ സംഖ്യയിലെത്തിയത്. ഏഴില്‍ നാല് മുന്‍സിപ്പാലിറ്റികളില്‍ യു.ഡി.എഫ് മുന്നേറ്റം നടത്തി. ആറിടത്ത് ഭരണമുണ്ടായിരുന്ന എല്‍.ഡി.എഫ് രണ്ടിലൊതുങ്ങി. ഇരുമുന്നണികളും തുല്യ സീറ്റുകള്‍ നേടിയ മുക്കത്ത് കോണ്‍ഗ്രസ് വിമതന്റെ പിന്തുണ ലഭിക്കുന്നവര്‍ക്ക് ഭരണം ലഭിക്കും.
രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊടുവള്ളി എന്നിവിടങ്ങളിലാണ് യു.ഡി.എഫ് വിജയിച്ചത്. ഇതില്‍ രാമനാട്ടുകര, ഫറോക്ക്, പയ്യോളി എന്നിവ പിടിച്ചെടുക്കുകയായിരുന്നു. 2015ല്‍ ഭരണം ലഭിച്ചെങ്കിലും എല്‍.ജെ.ഡിയുടെ മുന്നണി മാറ്റത്തോടെ പയ്യോളി നഷ്ടമായിരുന്നു. പാതി വഴിയില്‍ ഭരണം നഷ്ടമായ ഫറോക്കും ഇത്തവണ ഭദ്രമായ സീറ്റുകളോടെ ഭരണത്തില്‍ തിരിച്ചെത്തി. പരമ്പരാഗതമായി ജയിച്ചു പോരുന്ന കൊയിലാണ്ടിയിലും വടകരയിലും ഭരണം നിലനിര്‍ത്തിയത് മാത്രമാണ് മുന്‍സിപ്പാലിറ്റിയില്‍ ഇടതുമുന്നണിക്ക് ആശ്വാസമായത്.മുക്കത്ത് 15 വീതം എല്‍.ഡി.എഫും യു.ഡി.എഫും നേടി. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനും രണ്ട് സീറ്റില്‍ എന്‍.ഡി.എയും നേടി. 70 പഞ്ചായത്തുകളില്‍ 41 ഇടത്ത് എല്‍.ഡി.എഫും 27 ഇടത്ത് യു.ഡി.എഫും ഭരണം നേടി. ഒഞ്ചിയം മേഖലയില്‍ ആര്‍.എം.പിയുമായി ചേര്‍ന്നുള്ള യു.ഡി.എഫിന്റെ ജനകീയ മുന്നണി മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നേടി. ഒഞ്ചിയം, അഴിയൂര്‍, ഏറാമല എന്നിവിടങ്ങളിലാണ് ജനകീയ മുന്നണി വിജയിച്ചത്. അതേസമയം, ചോറോട് പഞ്ചായത്തില്‍ ജനകീയ മുന്നണിയെ പരാജയപ്പെടുത്തി എല്‍.ഡി.എഫ് ഭരണം നേടി. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് ഭരണം നേടി എല്‍.ഡി.എഫ് ആധിപത്യം പുലര്‍ത്തി. കുന്ദമംഗലവും കൊടുവള്ളിയും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
ഏറെ വിവാദമായ വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥി പരാജയപ്പെട്ടു. കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ പതിനഞ്ചാം ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസല്‍ വിജയിച്ചു. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഒറ്റവോട്ടും ലഭിച്ചില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് യു.ഡി.എഫിന് ഗുണംചെയ്തില്ലെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേട്ടമായി. യു.ഡി.എഫ് നേതാക്കളുടെ അവകാശവാദങ്ങളെ തള്ളിയ ഫലമാണ് ജില്ലയിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."