അസമില്‍ 57 ലക്ഷവും ബിഹാറില്‍ 48 ലക്ഷവും മനുഷ്യര്‍ പ്രളയബാധിതര്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: പ്രളയത്തിലും കനത്ത മഴയിലും ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ മരണം 111 ആയി. ബിഹാറില്‍ 67 പേരും അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍ 17പേരുമാണ് മരിച്ചത്.
ബിഹാറില്‍ 48 ലക്ഷം പേര്‍ പ്രളയബാധിതരായി. ഒന്നര ലക്ഷം പേര്‍ ഇവിടെ ദുരിതാശ്വാസ ക്യാംപുകളിലാണ്. 831 ഗ്രാമങ്ങളെ പ്രളയം ഗുരുതരമായി ബാധിച്ചു. വീടുകള്‍ നഷ്ടമായവരുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
അസമില്‍ 57 ലക്ഷം പേര്‍ പ്രളയബാധിതരാണ്. 427 ദുരിതാശ്വാസ ക്യാംപുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും അസമില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാന്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
വെള്ളമിറങ്ങി തുടങ്ങിയ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെയിരിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ബിഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ജെ.ഡി രംഗത്തു വന്നിട്ടുണ്ട്.
ഗുവഹാത്തി, തേസ്പൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളും പ്രളയക്കെടുതിയിലാണ്. പ്രളയദുരിതാശ്വാസത്തിന് രാജ്യത്തെ ജനങ്ങളുടെ സഹായം അസം സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ചലച്ചിത്രതാരങ്ങളും ക്രിക്കറ്റ് താരങ്ങളുമെല്ലാം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടാതെ അയല്‍രാജ്യമായ നേപ്പാളിലും കനത്ത മഴയിലും പ്രളയത്തിലും വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."