ബാഴ്‌സയും പി.എസ്.ജിയും രണ്ടാം അങ്കത്തിന്
ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് വിവിധ രാജ്യങ്ങളിലെ വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കും. ഇന്ന് രാത്രി 10.25ന് നടക്കുന്ന ആദ്യമത്സരത്തില്‍ ശക്തരായ പി.എസ്.ജി സെര്‍ബിയന്‍ ക്ലബായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിടും. രണ്ടാംഘട്ടം കടക്കണമെങ്കില്‍ പി.എസ്.ജിക്ക് ഇന്ന് ജയം അനിവാര്യമായിരിക്കും. കാരണം ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനോട് പി.എസ്. ജി പരാജയപ്പെട്ടിരുന്നു. പോയിന്റൊന്നുമില്ലാതെ പി.എസ്.ജിയാണ് നിലവില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത്.
ആദ്യ മത്സരത്തില്‍ 3-2നായിരുന്നു ലിവല്‍പൂള്‍ പി.എസ്.ജിയെ പരാജയപ്പെടുത്തിയത്. റെഡ് സ്റ്റാറിനും ഇന്നത്തെ മത്സരം കടുത്തതാകും. കാരണം ആദ്യ മത്സരത്തില്‍ നാപോളിയെ സമനിലയില്‍ തളച്ചാണ് റെഡ് സ്റ്റാര്‍ എത്തുന്നത്. പക്ഷേ സൂപ്പര്‍ താരങ്ങളുടെ നിരതന്നെയുള്ള പി.എസ്.ജിക്ക് മുന്നില്‍ റെഡ് സ്റ്റാറിന് പിടിച്ചു നില്‍ക്കാനാകുമോ എന്നറിയില്ല. രാത്രി 10.25ന് തന്നെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ റഷ്യന്‍ ക്ലബായ ലോകോമോട്ടീവ് മോസ്‌കോയും ജര്‍മന്‍ ക്ലബായ ഷാല്‍ക്കെയും ഏറ്റുമുട്ടും. ലോകോമോട്ടീവ് ജയത്തിനായി കിണഞ്ഞു പരിശ്രമിക്കും.
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലോകോമോട്ടീവ് ഗലാത് സറെയോട് പരാജയപ്പെട്ടത്. സമനിലയെങ്കിലും പിടിച്ച് ചാംപ്യന്‍ഷിപ്പിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ടീം. പോര്‍ട്ടോയെ സമനിലയില്‍ തളച്ചാണ് ഷാല്‍ക്കെ രണ്ടാം മത്സരത്തിനെത്തുന്നത്. ഷാല്‍ക്കെക്ക് വിജയപ്രതീക്ഷയുണ്ടെങ്കിലും ലോക്കോമോട്ടീവും ഷാല്‍ക്കെയും തമ്മിലുള്ള മത്സരം കടുത്തതാകും. ഇരുവരും പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്താണ് നില്‍ക്കുന്നത്. പോര്‍ട്ടോയും ഗലാത് സറെയുമാണ് ഗ്രൂപ്പിലെ മറ്റു രണ്ട് ടീമുകള്‍.
പൊരുതി നോക്കിയാല്‍ ഒരുപക്ഷെ ഗ്രൂപ്പില്‍ നിന്ന് കരകയറിയേക്കാം എന്ന അവസ്ഥയിലാണ് ഇരു ടീമുകളും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ ലിവര്‍പൂള്‍ നാപോളിയുമായി ഏറ്റുമുട്ടും. കരുത്തരായ പി.എസ്.ജിയെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ രണ്ടാം മത്സരത്തിനെത്തുന്നത്. ഇതു കാരണം ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ നാപോളിക്ക് റെഡ് സ്റ്റാറിനോട് സമനില വഴങ്ങേണ്ടി വന്നു. ഇതോടെ ആദ്യ റൗണ്ട് കടക്കണമെങ്കില്‍ നാപോളിക്ക് ജയം അനിവാര്യമായി. ഇറ്റാലിയന്‍ പ്രതിരോധ കരുത്തും ഇംഗ്ലീഷ് അക്രമവും ചേരുന്നതോടെ ഗ്രൂപ്പ് സിയില്‍ മികച്ച മത്സരം പ്രതീക്ഷിക്കാം. ഗ്രൂപ്പ് ഡിയില്‍ പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയും ഗലാത്‌സറെയും തമ്മിലാണ് മറ്റൊരു മത്സരം.
ബി ഗ്രൂപ്പില്‍ ഇറ്റാലിയന്‍ കൊമ്പന്‍മാരായ ഇന്റര്‍മിലാനും പി.എസ്.വി ഐന്തോവനും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ പി.എസ്.വി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബാഴ്‌സലോണയോട് പരാജയപ്പെട്ടിരുന്നു. ഇംഗ്ലീഷ് പടയായ ടോട്ടനത്തെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്റര്‍മിലാനും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലീഷ് താരം ഹാരി കെയ്‌ന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടോട്ടനവും ബാഴ്‌സലോണയും തമ്മിലാണ് ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരം. ആദ്യ മത്സരത്തില്‍ നാലു ഗോളിന്റെ മാര്‍ജിനില്‍ ജയിച്ചിട്ടാണ് ബാഴ്‌സയെത്തുന്നത്. അതേസമയം ടോട്ടനത്തിന്റെ ആദ്യ മത്സരം പരാജയത്തില്‍ കലാശിക്കുകയായിരുന്നു. രാത്രി 12.30നാണ് മത്സരം. ലാ ലിഗ ക്ലബായ ബെറൂസിയ ഡോര്‍ട്മുണ്ടും ഫ്രഞ്ച് ക്ലബായ മോണോക്കോയും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എ യില്‍ സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡും ക്ലബ് ബ്രഗും തമ്മിലാണ് മത്സരം. ആദ്യ മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് മാഡ്രിഡ് മോണോക്കോയെ പരാജയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."