ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റി നാളെ പുതിയ ഓഫിസില്‍ ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം
നിലമ്പൂര്‍: യു.ഡി.എഫ് അനുകൂല സംഘടനാ ഭാരവാഹികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കൂട്ടമായി സ്ഥലം മാറ്റിത്തുടങ്ങി. ഓരോ ജില്ലയിലും ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ സി.പി.എം അനുകൂല സംഘടനകള്‍ നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നാണ് സൂചന. ജില്ലയിലുള്ള ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും കാസര്‍ഗോഡും, തെക്കന്‍ ജില്ലകളിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
സ്ത്രീകള്‍ ഒഴികെ കൂടുതല്‍ ആളുകളെയും ദൂര സ്ഥലങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. നാളെ പുതിയ ഓഫിസില്‍ ജോലിക്ക് ഹാജരാകണമെന്നാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. വര്‍ഷങ്ങളായി യൂനിയന്‍ നേതാക്കളായി നടക്കുകയും ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയതെന്നാണ് വിവരം. അതേ സമയം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥലം മാറ്റിയതെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളുടെ പ്രതികരണം. സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ഇന്നലെ പ്രതിഷേധ ധര്‍ണകളും സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് അസോസിയേഷന്‍ നീക്കം തുടങ്ങിയിരിക്കുന്നത്.
കേരള എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കളെയാണ് അധികവും സ്ഥലം മാറ്റിയിരിക്കുന്നത്. ഭരണപരമായ സൗകരാര്‍ഥം സ്ഥലം മാറ്റുന്നുവെന്നാണ് ഉത്തരവിലുള്ളത്. റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകളിലാണ് കൂടുതലും സ്ഥലം മാറ്റിയിരിക്കുന്നത്. ചില സ്ത്രീകളെ കാസര്‍കോട്ടേക്ക് മാറ്റിയിട്ടുണ്ട്. സംഘടനയുടെ ജില്ലാ അംഗങ്ങള്‍, താലൂക്ക്, ബ്രാഞ്ച് സെക്രട്ടറി പ്രസിഡന്റുമാര്‍ തുടങ്ങിയവരെ തെരഞ്ഞുപിടിച്ച് കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം എന്നിവിടങ്ങളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ സാധാരണഗതിയില്‍ ഭരണപരമായ സ്ഥലം മാറ്റങ്ങള്‍ മാര്‍ച്ച് മാസങ്ങളിലാണ് നടക്കാറ്. മക്കളുടെ വിദ്യാഭ്യാസം മറ്റു സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക്ക് വേണ്ടി സൗകര്യങ്ങള്‍ ചെയ്യുന്നതിനാണ് മാര്‍ച്ചില്‍ സ്ഥലം മാറ്റം നടത്താറുള്ളത്. ഒരു ഓഫിസില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഇരിക്കുന്നവരെയാണ് ഭരണപരമായ സൗകര്യങ്ങള്‍ക്ക് മാറ്റുന്നത്. ഇതു തന്നെ ജില്ലയില്‍ തന്നെ അടുത്ത സ്ഥലങ്ങളിലേക്കോ മറ്റോ ആണ് മാറ്റുക.
ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയാണ് അധികവും സ്ഥലം മാറ്റുന്നത് എന്നിരിക്കെ പുതിയ സര്‍ക്കാര്‍ അടിത്തട്ടിലുള്ള ജീവനക്കാരെ മുതുല്‍ സ്ഥലം മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാലാണ് സ്ഥലം മാറ്റം വൈകിയതെന്നാണ് ഉന്നതാധികാരികളില്‍ നിന്നും ലഭിച്ച മറുപടി. ജില്ലയില്‍ 220 പേരെ ഇത്തരത്തില്‍ സ്ഥലം മാറ്റിയതായാണ് വിവരം. അതേസമയം ജില്ലയില്‍ ഡിഫ്തീരിയ, കോളറ എന്നിവ പടര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെ ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ളവരെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത് തിരിച്ചടിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."