മകള്‍ക്ക് പിന്നാലെ ബാലുവും; തനിച്ചായതറിയാതെ ലക്ഷ്മി
തിരുവനന്തപുരം: മകള്‍ക്കു പിന്നാലെ ഈണങ്ങളുടെ കൂട്ടുകാരനും യാത്രയായി. താളവും രാഗവുമില്ലാതെ തനിച്ചായതറിയാതെ ലക്ഷ്മി ഇപ്പോഴും ആശുപത്രിയിലാണ്. ക്ഷേത്രദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയില്‍ വീട്ടിലേക്കെത്താന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കേയുണ്ടായ അപകടം ജീവിതം കീഴ്‌മേല്‍മറിച്ചുവെന്ന യാഥാര്‍ഥ്യം ലക്ഷ്മിയിപ്പോഴും അറിഞ്ഞിട്ടില്ല.
ദിവസങ്ങള്‍ക്കു മുന്‍പു ബോധം വീണുകിട്ടിയ നിമിഷം കണ്‍മണി തേജസ്വിനിയെ അന്വേഷിച്ചുവെങ്കിലും ആരോഗ്യസ്ഥിതി വഷളാകുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നു ദുരന്തവാര്‍ത്ത ലക്ഷ്മിയെ അറിയിച്ചിരുന്നില്ല. നെഞ്ചുപൊട്ടുന്ന ദുരന്തവാര്‍ത്തകളെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി എങ്ങനെ നേരിടുമെന്നറിയാതെ സങ്കടക്കടലിലാണ് പ്രിയപ്പെട്ടവര്‍. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികളായിരിക്കെ 2000 ഡിസംബര്‍ 20നാണ് ബാലഭാസ്‌കറും ലക്ഷ്മിയും വിവാഹിതരാകുന്നത്. ബാലഭാസ്‌കര്‍ എം.എ സംസ്‌കൃതം വിദ്യാര്‍ഥിയായിരുന്നു. ലക്ഷ്മി എം.എ ഹിന്ദിയും. വിവാഹത്തിനു ശേഷം ബാലഭാസ്‌കറിന്റെ സംഗീതജീവിതത്തിനു വേണ്ടി ലക്ഷ്മി സ്വയം സമര്‍പ്പിക്കുകയായിരുന്നു. വേദികളില്‍നിന്നു വേദികളിലേക്ക് ബാലഭാസ്‌കര്‍ പാറിനടന്നപ്പോള്‍ കൂടെ കരുത്തിന്റെ കൂട്ടായി, പ്രചോദനമായി ലക്ഷ്മിയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു 16 വര്‍ഷങ്ങള്‍ക്കു ശേഷം 2016ലാണ് ഇവര്‍ക്കിടയിലേക്കു മകള്‍ തേജസ്വിനിയെത്തിയത്.
അച്ഛന്‍ ഓമനിച്ച് അവളെ ജാനിയെന്നു വിളിച്ചു. പിന്നീടുള്ള രണ്ടു വര്‍ഷം അവരുടെ ജീവിതത്തില്‍ ഉത്സവാന്തരീക്ഷമായിരുന്നു. പൊട്ടിച്ചിരികള്‍ക്കു വിരാമമിട്ടു ജീവന്റെ ജീവനായ ബാലുവും മകള്‍ തേജസ്വിനിയും യാത്ര പറയുമ്പോള്‍, ലക്ഷ്മിയുടെ മുഖം പ്രിയപ്പെട്ടവരെ സങ്കടത്തിന്റെ ആഴക്കടലിലേക്കു തള്ളിയിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."