ഉരുള്‍പൊട്ടി പത്തുപേര്‍ മരിച്ച പ്രദേശത്തിനടുത്ത് വീണ്ടും ഉരുള്‍പൊട്ടല്‍; സംഭവം മറച്ചുവച്ച് റവന്യൂ വകുപ്പ്
പാലക്കാട്: നെമ്മാറ അളുവശേരി ആതനാട് മലയിലെ ചേരുങ്കാടില്‍ ഉരുള്‍പൊട്ടി പത്തുപേര്‍ മരിച്ച പ്രദേശത്തിന് ഇരുന്നൂറു മീറ്റര്‍ അകലെ നെല്ലിപ്പാടത്തും വലിയ ഉരുള്‍പൊട്ടലുണ്ടായത് റവന്യൂ അധികൃതര്‍ മറച്ചുവച്ചു.ഈ പ്രദേശം പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒരു സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു പഠനം നടത്തി.
ചേരുങ്കാട്ടില്‍ ഉരുള്‍പൊട്ടി പത്തു മിനിട്ടു കഴിഞ്ഞപ്പോഴാണ് ആതനാട് മലയുടെ വടക്കേ ചെരുവിലെ നെല്ലിപ്പാടത്തും ഉരുള്‍പൊട്ടിയത.് ആഗസ്റ്റ് 16 നു രാവിലെ ആറേകാലിനാണ് ചേരുങ്കാട്ടില്‍ ഉരുള്‍പൊട്ടിയത്. മൂന്ന് കുടുംബങ്ങളിലായി ഇരുപതു ദിവസം പ്രായമായ കുട്ടിയടക്കം പത്തു പേര്‍ മരിച്ചിരുന്നു.
ആറരക്കാണ് നെല്ലിപ്പാടത്ത് ഉരുള്‍പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷിയായ രാജന്‍ പറഞ്ഞു. ഇവിടെയുള്ള വലിയൊരു പാറ ഏതു സമയത്തും താഴേക്ക് വീഴാമെന്ന അവസ്ഥയിലാണ്. മലയില്‍നിന്ന് മുന്നൂറ് മീറ്റര്‍ താഴെവരെ ഉരുള്‍പൊട്ടിയ അവശിഷ്ടങ്ങള്‍ എത്തിയിട്ടുണ്ട്. ഇതിനു നൂറു മീറ്റര്‍ താഴെയാണ് രാജനും കുടുംബവും താമസിക്കുന്നത്.
ഈ പ്രദേശത്ത് ഇരുപതോളം കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നുണ്ട് . ഇളകിക്കിടക്കുന്ന പാറ താഴേക്കു പതിച്ചാല്‍ ഇവിടത്തെ കുടുംബങ്ങളും ഇതിനടിയില്‍ കുരുങ്ങാനിടയുണ്ട്.
മലയുടെ മുകളില്‍നിന്നു വലിയ ഒരു മുളംകൂട്ടം കടപുഴകി താഴേക്ക് ഒലിച്ചു വന്നിട്ടുണ്ട്. തേക്ക് ഉള്‍പ്പെടെ മൂന്നു മരങ്ങളും ഉരുള്‍പൊട്ടിയതിനാല്‍ താഴേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.
കനത്ത മഴപെയ്താല്‍ ഇവിടെ വീണ്ടും ഉരുള്‍പൊട്ടാനിടയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആതനാട് മലയുടെ വടക്കു കിഴക്കായി വലിയൊരു കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിക്ക് നൂറു മീറ്റര്‍ അകലെയാണ് ചേരുങ്കാട് ഉരുള്‍പൊട്ടലുണ്ടായത്.
ക്വാറിയില്‍നിന്നു നെല്ലിപ്പാടത്തേക്ക് ഒന്നര കിലോമീറ്റര്‍ ദൂരമേ ഉള്ളു. എന്നാല്‍ ഇവിടെ ഉരുള്‍പൊട്ടലുണ്ടായത് ആദ്യം വന്നു കണ്ടത് റവന്യൂ ഉദ്യോഗസ്ഥനായിരുന്നു. വീണ്ടും ഉരുള്‍ പൊട്ടലുണ്ടാവുമെന്ന് പറഞ്ഞ്് താഴെയുള്ള മുഴുവന്‍ കുടുംബങ്ങളെയും ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവിടെ ഉരുള്‍പൊട്ടിയ വിവരം പുറത്തറിയിക്കരുതെന്ന് വല്ലങ്ങി വില്ലേജിലെ ചില ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് പറഞ്ഞതായും ആരോപണമുണ്ട്.
വനംവകുപ്പ് റബ്ബര്‍പ്ലാന്റേഷന് പാട്ടത്തിനു നല്‍കിയ പത്തേക്കറോളം സ്ഥലം അനധികൃതമായി കൈയേറിയാണ് സ്വകാര്യ വ്യക്തി പാറ ഖനം നടത്തിയിരുന്നത്. ഇതു വനംവകുപ്പ് കണ്ടെത്തിയിരുന്നു. കൈയേറാന്‍ ഒത്താശ ചെയ്തത് വല്ലങ്ങി വില്ലേജിലെ ചില ഉദ്യോഗസ്ഥരാണെന്ന പരാതിയുമുണ്ടായിരുന്നു. അമിതമായി പാറ ഖനം നടത്തിയതാണ് ഉരുള്‍പൊട്ടലിന് കാരണമായിട്ടുള്ളതെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക നിഗമനം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."