ഒരുങ്ങുക, തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യ സമരം
ന്യൂഡല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പിനെ രണ്ടാം സ്വാതന്ത്ര്യസമരത്തോട് ഉപമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി. നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങാനും നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു.
ഗാന്ധിജയന്തി ദിനത്തില്‍ മഹാരാഷ്ട്രയിലെ വാധ്രയിലാണ് ഇന്നലെ കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണവേദിയായ പ്രവര്‍ത്തകസമിതി ചേര്‍ന്നത്. പൊതുതെരഞ്ഞെടുപ്പിനെ രണ്ടാം സ്വാതന്ത്ര്യ സമരമായി കാണണമെന്നും വര്‍ധിച്ച ഊര്‍ജ്ജത്തോടെ കേന്ദ്ര സര്‍ക്കാരിനെതിരായ പടയൊരുക്കത്തില്‍ പ്രവര്‍ത്തകര്‍ പങ്കാളികളാകണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യക്കു മഹാത്മാഗാന്ധി നല്‍കിയ സംഭാവനകള്‍ സ്മരിക്കുന്ന മറ്റൊരുപ്രമേയവും പ്രവര്‍ത്തകസമിതിയില്‍ അവതരിപ്പിച്ചതായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും ഭീതിയുടെയും വര്‍ഗീയ ദ്രുവീകരണത്തിന്റെയും എതിരഭിപ്രായങ്ങളെ അടിച്ചൊതുക്കുന്നതിന്റെയും രാഷ്ട്രീയം കൈയാളുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയാണ് രണ്ടാം സ്വാതന്ത്ര്യ സമരപോരാട്ടം തുടങ്ങേണ്ടത്.
ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരാണ് മോദി സര്‍ക്കാര്‍. പ്രതികാരത്തിന്റെയും കുപ്രചരണങ്ങളുടെയും വഞ്ചനയുടെയും രാഷ്ട്രീയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. പരാതി പറയാനായി ഡല്‍ഹിയിലേക്കു വന്ന കര്‍ഷകരെ ആട്ടിയോടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസത്തോടെ നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചാര്‍ഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മുഖ്യപ്രചാരണ വിഷയമാക്കാനും യോഗം തീരുമാനിച്ചു. ആര്‍.എസ്.എസിന്റെ ആസ്ഥാനം കൂടിയായ നാഗ്പൂരില്‍നിന്ന് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അകമ്പടിയോടെയാണ് രാഹുല്‍ ഗാന്ധി വാധ്രയിലേക്കെത്തിയത്. ആശ്രമത്തിനു സമീപത്തേക്കു നടത്തിയ പദയാത്രയിലും അദ്ദേഹം പങ്കെടുത്തു.
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ഗുലാംനബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, പി.സി ചാക്കോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തകസമിതിയംഗമായ ഉമ്മന്‍ചാണ്ടി ആന്ധ്രയിലായതിനാല്‍ യോഗത്തിനെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."