ആതനാട് ഉരുള്‍പൊട്ടല്‍: സബൂറഉമ്മയുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗം അടഞ്ഞു
വി.എം.ഷണ്‍മുഖദാസ്
പാലക്കാട്:ആതനാട് മലയില്‍ ഉരുള്‍പൊട്ടി പത്തുപേര്‍ അതിദാരുണമായി മരിച്ച പ്രളയ കെടുതിയില്‍ നിന്നുംഅത്ഭുതപൂര്‍വം രക്ഷപ്പെട്ടെങ്കിലും എഴുപതുകാരിയായ സബൂറഉമ്മയുടെയും,കുടുംബത്തിന്റെയും ഉപജീവനമാര്‍ഗം അടഞ്ഞു.
നാല്‍പ്പത് കൊല്ലമായി ചേരിങ്കാട്ടിലെ വീടിനു സമീപം ചെറിയൊരു ചായക്കക്കട നടത്തി ഉപജീവനം നടത്തി വരുകയാണ് സബൂറഉമ്മയും കുടുംബവും.ഒരുവര്‍ഷം മുമ്പ് ഭര്‍ത്താവ് കാസീം മരിച്ചതോടെ സബൂറഉമ്മയും ഇളയമകന്‍ ഇബ്രാഹീമും കൂടിയാണ് ചായക്കട നടത്തി വന്നത്.
പലഹാരവും ചായയുമാണ് ഇവിടെ വില്‍പ്പന നടത്തിയിരുന്നത്. ദുരന്തം നടന്ന ശ്മശാന ഭൂമിയുടെ അമ്പതു മീറ്റര്‍ താഴെ കനാലിനടത്താണ് ചായക്കട. ഇവരുടെ ചായക്കട ജനകീയമാണ്. രണ്ടര രൂപയ്ക്ക് ഇഡലിയും,ആപ്പത്തിന് അഞ്ചു രൂപയും,ദോശക്ക് മൂന്ന് രൂപയും,ചായക്ക് ഏഴ് രൂപയ്ക്കുമാണ് വിറ്റിരുന്നത് .
ഓഗസ്ത് പതിനാറിനാണ് ദുരന്തം ഉണ്ടായത്. സബൂറയുടെ വീട്ടിലും ഒരാഴ്ചയോളം വെള്ളം കയറി.ഒരുഭാഗം തകര്‍ന്നു .
സംഭവത്തിന് ശേഷം റവന്യൂ വകുപ്പും, പൊലീസുംസബൂറയെയും, സമീപത്തെ മറ്റു പതിനൊന്ന് കുടുംബക്കാരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.അതിനു ശേഷം സബൂറയുടെ ചായക്കട തുറന്നിട്ടില്ല. മണ്ണ് കൊണ്ട് നിര്‍മ്മിച്ച ചുമരായതിനാല്‍ ഇവരുടെ വെള്ളം കയറിയ വീട് ഏതു സമയത്തും വീഴാവുന്ന നിലയിലുമാണിപ്പോള്‍.
ജിയോളജി ഉദേൃാഗസ്ഥര്‍ മഴ പെയ്താല്‍ ആതനാട് മലയില്‍ വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യയുണ്ടെന്ന് ഇവരോട് പറഞ്ഞിരുന്നു
ദുരിതാശ്വാസക്യാമ്പില്‍ നിന്നും മടങ്ങി വീട്ടില്‍ പോയി താമസിക്കാന്‍ ഭയമായതിനാല്‍ ഇവരെ താല്‍ക്കാലികമായി ജലസേചന വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സിലും വാടകവീടുകളിലുമായി താമസിപ്പിച്ചിരിക്കുകയാണ്
ഒന്നര മാസമായി സബൂറഉമ്മയും കുടുംബവും പോത്തുണ്ടിയിലെ ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത് .സ്വന്തം വീട്ടില്‍ കയറി താമസിക്കാന്‍ ഇപ്പോഴും ഭയമാണിവര്‍ക്ക് .ഉരുള്‍പൊട്ടല്‍ നടന്ന അന്ന് പത്തു പേര്‍ മരിച്ചത് കണ്മുന്നില്‍ നിന്നും മായുന്നില്ലെന്ന് സബൂറഉമ്മ പറയുന്നു.
പത്തു പേരുടെ ജീവന്‍ തട്ടിയെടുത്ത ഉരുള്‍പൊട്ടിയ ചേരിന്‍കാട്ടിലെ ശ്മശാനഭൂമിയില്‍ ഒന്നരമസമായിട്ടും മൂകത വിട്ടുമാറിയിട്ടില്ല.അതുകൊണ്ടു് ഇനി ഇവര്‍ക്ക് ചായക്കട നടത്താനും ഭയമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."