ഉപതെരഞ്ഞെടുപ്പ്: അഞ്ചിടത്ത് ബി.ജെ.പി മത്സരിക്കും
അരൂരില്‍ തുഷാര്‍ മത്സരിക്കണമെന്ന് ആവശ്യം
ആലപ്പുഴ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്ത് ബി.ജെ.പി മത്സരിക്കും. അരൂര്‍ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കും. ബി.ജെ.പി- ബി.ഡി.ജെ.എസ് ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായത്.
എന്‍.ഡി.എയിലെ മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കില്ല. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍ സീറ്റുകളിലെ മത്സരം അഭിമാന പോരാട്ടമായാണ് ബി.ജെ.പി കാണുന്നത്. ജയസാധ്യതയില്ലെങ്കിലും പാല, എറണാകുളം മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ഥികളെ തന്നെ മത്സരരംഗത്തിറക്കും. രവീശ തന്ത്രി (മഞ്ചേശ്വരം), കെ.സുരേന്ദ്രന് (കോന്നി), കുമ്മനം രാജശേഖരന് (വട്ടിയൂര്‍ക്കാവ്) എന്നീ പ്രമുഖരെ രംഗത്തിറക്കാനാണ് ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അരൂരില്‍ ബി.ഡി.ജെ.എസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യമാണ് ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്.
അരൂര്‍ സീറ്റ് ബി.ഡി.ജെ.എസിന് വേണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തേതന്നെ ആവശ്യം ഉന്നയിച്ചിരുന്നു. ആ നിലക്കാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ബി.ഡി.ജെ.എസിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമായാണ് അരൂര്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയും നിലപാട് അനുകൂലമല്ലാത്തതിനാല്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ നിലപാടെടുത്തിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ മുന്നണിക്ക് കിട്ടിയ വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചില്ലെന്ന് കമ്മിറ്റി വിലയിരുത്തി. അതിനാല്‍ അരൂര്‍ മണ്ഡലത്തിലെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."