പ്രിയകലാലയത്തില്‍ കണ്ണീര്‍മഴ; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
തിരുവനന്തപുരം: പ്രണയവും സംഗീതവും പൂത്തുലഞ്ഞ തന്റെ പ്രിയ കലാലയ മുറ്റത്ത്് ബാലഭാസ്‌കര്‍ വീണ്ടുമെത്തി, യാത്ര പറഞ്ഞകലുന്നതിന്. സഹപാഠികളും അധ്യാപകരും സഹപ്രവര്‍ത്തകരും ആരാധകരും അടക്കം ആയിരങ്ങളാണ് ഇന്നലെ യൂനിവേഴ്‌സിറ്റി കോളജില്‍ പ്രിയകലാകാരനെ ഒരു നോക്കു കാണാന്‍ ഒഴുകിയെത്തിയത്. രാവിലെ പത്തരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
അവിടെ നിന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പന്ത്രണ്ടു മണിയോടെ യൂനിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചു. തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനെ കാണാന്‍ സഹപാഠികളും എത്തിയിരുന്നു. കൂട്ടക്കരച്ചിലുകള്‍ക്കിടയില്‍ ബാലഭാസ്‌കറിന്റെ വയലിന്‍ നാദം കേട്ടുകൊണ്ടേയിരുന്നു. യേ അജ്‌നബീ... തുമ്പി വാ തുമ്പക്കൂടത്തില്‍.. ഉയിരേ.. ഉയിരേ.. തന്റെ വയലിന്‍ തന്ത്രികള്‍ കൊണ്ട് ബാലഭാസ്‌കര്‍ അനുഭൂതി സൃഷ്ടിച്ച ഈണങ്ങള്‍ കലാലയ പരിസരത്ത് കണ്ണീര്‍മഴ പെയ്യിച്ചു.
ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ, സി. ദിവാകരന്‍ എം.എല്‍.എ, സുരേഷ്‌ഗോപി എം.പി, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, വി. ശിവന്‍കുട്ടി, മുല്ലക്കര രത്‌നാകരന്‍ തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക, സംഗീത ലോകത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഉച്ചക്കു ശേഷം മൃതദേഹം കലാഭവനിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങവേ, കലാകാരനെ തന്റെ പ്രിയപ്പെട്ട കലാലയം യാത്രയാക്കുന്നുവെന്ന് തോന്നിപ്പിക്കുംവിധം മഴ തുടങ്ങി. അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍മഴ.
വൈകിട്ട് നാലുമണിയോടെ മൃതദേഹം കലാഭവനിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.
തിരികെ വരുമെന്ന് പ്രതീക്ഷ നല്‍കി, ഒടുവില്‍...
തിരുവനന്തപുരം: ജീവിതത്തിലേക്ക് മടങ്ങുന്നുവെന്ന് പ്രിയപ്പെട്ടവര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ബാലഭാസ്‌കര്‍ വിടപറഞ്ഞത്. ഈ കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കുകളോടെയാണ് ബാലഭാസ്‌കറെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവര്‍ അര്‍ജുനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
മകള്‍ തേജസ്വിനി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ലക്ഷ്മിയും അര്‍ജുനും അപകടനില തരണം ചെയ്തുവെങ്കിലും ബാലഭാസ്‌കറിന്റെനില ആശങ്കാജനകമായിരുന്നു. തുടര്‍ന്ന് എയിംസില്‍ നിന്ന് വിദഗ്ധരെയെത്തിച്ച് ചികിത്സ നല്‍കുന്നതുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ രണ്ടു ദിവസം ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. അബോധാവസ്ഥയില്‍ നിന്ന് ഭാഗികമായി തിരിച്ചുവരുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ബാലഭാസ്‌കറിനായി കുറഞ്ഞ ശബ്ദത്തില്‍ സംഗീതം കേള്‍പ്പിച്ചിരുന്നു. ബാലഭാസ്‌കറിനും പ്രിയപ്പെട്ടവര്‍ക്കും അത് അത്രമേല്‍ ആശ്വാസകരവുമായിരുന്നു.
തിങ്കളാഴ്ച്ച രാത്രി ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടായിരുന്നു. വേദിയിലേക്ക് മടങ്ങണ്ടേയെന്ന ചോദ്യത്തോട് പ്രതീക്ഷയോടെ പ്രതികരിക്കുകയും ചെയ്തുവത്രേ. മകളുടെ വിവരം അപ്പോഴും അറിയിച്ചിരുന്നില്ല.
അപകടാവസ്ഥയൊഴിഞ്ഞുവെന്ന സമാധാനത്തില്‍ പ്രിയപ്പെട്ടവരില്‍ പലരും വീടുകളിലേക്ക് മടങ്ങിയ രാത്രിയിലാണ് ബാലഭാസ്‌കറിന് ഹൃദയാഘാതമുണ്ടായത്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളും, വയലിനില്‍ ഗുരുവായ വല്യമ്മാവന്‍ ശശികുമാറുമൊക്കെ അപകടദിവസം മുതല്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."