നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള ചുവടുവയ്പ്പായി മഹാ ശുചീകരണം
കൊല്ലം: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ മഹാശുചീകരണ യജ്ഞം വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നഗരത്തിലെ വിദ്യാലയങ്ങളില്‍നിന്നുള്ള രണ്ടായിരത്തോളം വളണ്ടിയര്‍മാരാണു കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തില്‍ ആശ്രാമം ലിങ്ക് റോഡിലും മൈതാനത്തും നടന്ന ശുചീകരണത്തില്‍ പങ്കുചേര്‍ന്നത്.
രാവിലെ മേയര്‍ വി. രാജേന്ദ്രബാബു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. മാലിന്യങ്ങള്‍ നീക്കം ചെയ്തും കാട് വെട്ടിത്തെളിച്ചും ശുചീകരണം പുരോഗമിക്കുന്നതിനിടെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തിയ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തൂമ്പയെടുത്ത് അവര്‍ക്കൊപ്പം കൂടി.
നഗരത്തിലെ കോളജുകളിലെയും സ്‌കൂളുകളിലെയും നാഷനല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍ പങ്കുചേര്‍ന്നു. ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, യുവജന ക്ഷേമ ബോര്‍ഡ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള പൊലിസ് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.
ആശ്രാമം മൈതാനത്തിന്റെ വശങ്ങളില്‍ ശുചീകരണം നടത്തിയ സ്ഥലങ്ങളില്‍ പൂച്ചെടികളും പച്ചക്കറികളും വച്ചുപിടിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി.ജെ. രാജേന്ദ്രന്‍, ചിന്ത എല്‍. സജിത്ത്, ഷീബ ആന്റണി, കൗണ്‍സിലര്‍മാര്‍, എ.സി.പി എ. പ്രതീപ് കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജി. സുധാകരന്‍, ഹരിത കേരളം മിഷന്‍ കോഡിനേറ്റര്‍ എസ്. ഐസക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ ബി. ഷീജ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."