പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് മണ്‍റോ തുരുത്തിന്റെ മാതൃക
കൊല്ലം: സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനു മാതൃകയായി മണ്‍റോ തുരുത്തില്‍ അതിവേഗ ഭവന നിര്‍മാണ പദ്ധതിയായ ബാക്ക് ടൂ ഹോമിനു തുടക്കമായി.
സാങ്കേതിക വൈദഗ്ധ്യം സാമൂഹ്യ നന്മയ്ക്കായി വിനിയോഗിക്കുന്ന കരിക്കോട് ടി.കെ.എം എന്‍ജിനീയറിങ് കോളജിന്റെ മേല്‍നോട്ടത്തില്‍ മണ്‍റോ തുരുത്തില്‍ നെന്മേനി ഉത്രാടത്തില്‍ രാജേന്ദ്രന്‍-ഉഷ ദമ്പതികള്‍ക്കായി നിര്‍മിക്കുന്ന വീടിന്റെ കട്ടിളവയ്പ്പ് ഗാന്ധിജയന്തി ദിനത്തില്‍ നടന്നു. ടി.കെ.എം കോളജ് ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസ്‌ലിയാരും മണ്‍റോ തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരനും ചേര്‍ന്ന് കട്ടിള സ്ഥാപിച്ചു.
ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ വീടുതകര്‍ന്ന രാജേന്ദ്രനും കുടുംബത്തിനും മൂന്നാഴ്ചയ്ക്കുള്ളില്‍ പുതിയ വീട് സ്വന്തമാകും. പ്രത്യേകം രൂപകല്‍പന ചെയ്ത പ്രീ ഫാബ്രിക്കേറ്റഡ് പ്രീ സ്‌ട്രെസ്ഡ് സാങ്കേതിക വിദ്യയിലാണ് വീടുനിര്‍മിക്കുന്നത്.
രണ്ടു കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും ശുചിമുറിയും ഉള്‍പ്പെടെ 550 ചതുരശ്ര അടിയാണു വിസ്തീര്‍ണം. ഇതേ രീതിയില്‍ ടി.കെ.എം കോളജിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ അഞ്ചു വീടുകളാണു വിവിധ മേഖലകളില്‍ നിര്‍മിക്കുന്നത്.
ടി.കെ.എം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അയ്യൂബ്, സിവില്‍ വിഭാഗം മേധാവി ഡോ. ബി. സുനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു ശ്രീധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, ടി.കെ.എം കോളജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ ജോര്‍ജ് ജേക്കബ്, ദിപു ജോര്‍ജ്, കെ.എ അയ്യപ്പന്‍, ജി. ജയകൃഷ്ണന്‍, മുഹമ്മദ് അസിം, പഞ്ചായത്ത് സെക്രട്ടറി എസ്. ജോസഫ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."