സാരഥികളോട് ആദരപൂര്‍വം
പുതിയ സാരഥികള്‍ ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഭരണനിര്‍വഹണ തലത്തിലേക്ക് പ്രവേശിച്ചവര്‍ക്ക് ആശ്വാസവും അഭിമാനകരവുമായ നിമിഷങ്ങളാണിത്. എന്നാല്‍ ചിലരെയെങ്കിലും അധികാരം അഹന്തയിലേക്ക് എത്തിച്ചിരിക്കുന്നുവെന്നത് നേര്. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം കീഴ്‌മേല്‍ മറിയുമെന്ന മിഥ്യാധാരണക്കാരാണവര്‍. അധികാരി വര്‍ഗത്തിന്റെയും നേതാക്കളുടെയും പ്രത്യേകതയെക്കുറിച്ച് നബി (സ) പറഞ്ഞു: 'രണ്ടു വിഭാഗമാളുകള്‍, അവര്‍ നന്നായാല്‍ സമൂഹം നന്നായി, അവര്‍ ചീത്തയായാല്‍ സമൂഹവും ചീത്തയായി; നേതാക്കളും പണ്ഡിതന്മാരുമാണവര്‍'. മാതൃകായോഗ്യനായിരിക്കണം നേതാവെന്ന് വ്യക്തമാക്കുകയാണിവിടെ പ്രവാചകന്‍. നേതാവ് മാതൃകായോഗ്യനല്ലെങ്കില്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന അല്ലാഹുവിന്റെ മുന്നറിയിപ്പ് വിശുദ്ധ ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ കാണാം. നീതിമാനായ ഭരണാധികാരിക്ക് പരലോകത്ത് വിചാരണനാളില്‍ പ്രപഞ്ചനാഥന്‍ കനിഞ്ഞരുളുന്ന അര്‍ശിന്റെ തണല്‍ ലഭ്യമാകുമെന്ന വാഗ്ദാനം വലിയ അംഗീകാരമാണ് നല്‍കുന്നത്.
ജനപ്രതിനിധികളും ജനങ്ങളും തമ്മിലുള്ള ആത്മാര്‍ഥവും സത്യസന്ധവുമായ ബന്ധമാണ് ഏതൊരു രാഷ്ട്രത്തിന്റെയും ഐക്യവും കെട്ടുറപ്പും നിശ്ചയിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ നീതിയും ന്യായവും നടപ്പാക്കുമ്പോള്‍ മാത്രമേ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാവുകയുള്ളൂ. തനിക്ക് വോട്ട് ചെയ്തവര്‍ മാത്രം തന്റെയടുത്ത് വന്നാല്‍ മതിയെന്ന ഒരു നേതാവിന്റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും വഴിമരുന്നിട്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ വാര്‍ഡിന്റെ, ഡിവിഷന്റെ പ്രതിനിധിയാണ് ഓരോരുത്തരും. അവര്‍ വോട്ട് ചെയ്തവരുടേതു മാത്രമല്ല, ആ പ്രദേശത്തിന്റെ ആകെ പ്രതിനിധിയാണ്. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നീതി നടപ്പാക്കുന്നതില്‍ കണിശത പുലര്‍ത്തുകയും സ്വജനപക്ഷപാതിത്വം ഒഴിവാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജനാധിപത്യ മൂല്യങ്ങളോടും തന്റെ മനഃസാക്ഷിയോടും കൂറുപുലര്‍ത്തിക്കൊണ്ടായിരിക്കണം ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് താന്‍ വികസനം നടപ്പാക്കുന്നതെന്ന സാമന്യബോധ്യവും ഇതോടൊപ്പം വേണം. ജനപ്രതിനിധികള്‍ സ്ഥാപിക്കുന്ന വ്യവസ്ഥാപിതമായ സര്‍ക്കാര്‍ സംവിധാനങ്ങളാണ് രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനം, ക്ഷേമം, പുരോഗതി എന്നിവ കൊണ്ടുവരേണ്ടത്. ജനങ്ങളുടെ നികുതിപ്പണം നാട്ടില്‍ ചെലവാക്കുന്നത് മഹാസംഭവമാക്കി കവലകളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ ധാരാളമുണ്ട്. ചെയ്യുന്നത് ജനങ്ങളെ അറിയിക്കുന്നതില്‍ തെറ്റില്ലെങ്കിലും അതിനുവേണ്ടി തന്നെയാണ് തന്നെ തെരഞ്ഞെടുത്തതെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും ഓര്‍ക്കുന്നത് നല്ലതാണ്.
അധികാരം സ്വന്തമായ താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടിയായിരിക്കണം വിനിയോഗിക്കേണ്ടത്. ജനങ്ങളെ ഒന്നായിക്കാണാനും അവര്‍ക്കിടയിലെ ഭിന്നതകളെ പരിഹരിച്ച് മികച്ച മുന്നേറ്റം നടത്താനുമാണ് ശ്രമിക്കേണ്ടത്. വോട്ടുബാങ്ക് ഉറപ്പിക്കുന്നതിനായി എന്തു നെറികേടും കാണിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. സമ്മര്‍ദതന്ത്രം ഒരുക്കാനും തെറ്റുകളിലേക്ക് പ്രേരിപ്പിക്കാനും പ്രലോഭിപ്പിക്കാനും ആളുകള്‍ നിരവധിയുണ്ടാകും. സ്വതാല്‍പര്യം സംരക്ഷിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്തവരാണ് അവരെന്ന് തിരിച്ചറിയണം. അഴിമതി ആരോപണത്തിന്റെ കറപുരണ്ടാല്‍ അതു ജനകീയത കൊണ്ടോ പണം കൊണ്ടോ മറച്ചുവയ്ക്കാന്‍ സാധിക്കുമെന്നത് മിഥ്യാധാരണയാണ്. ജനമനസുകളില്‍നിന്ന് തുടച്ചുനീക്കപ്പെട്ടാല്‍ പിന്നെ മാനിയായി ജീവിക്കാന്‍ കഴിയില്ല.
തിരുദൂതര്‍ പറയുന്നത് കാണുക: 'നിങ്ങള്‍ എല്ലാവരും ഭരണാധികാരികളാണ്. ഭരണീയരെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും' (ബുഖാരി ). 'അധികാരത്തെ നീതിപൂര്‍വം നടപ്പാക്കുന്നവര്‍ പരമകാരുണികന്റെ വലതുവശത്ത് പ്രകാശ പീഠങ്ങളിലായിരിക്കും' (മുസ്‌ലിം). ഭരണസാരഥ്യം നിര്‍വഹിക്കുന്നതിന്റെ ഗൗരവം ഉണര്‍ത്തി അവിടുന്ന് പറഞ്ഞു: 'സ്വന്തം പ്രജകളെ അക്രമകാരികളില്‍ നിന്നും സ്വേച്ഛാധിപതികളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന പരിചയാണ്. ജനങ്ങളോട് നന്മ കല്‍പ്പിക്കുകയും അവരില്‍ നീതി നടപ്പാക്കുകയും ചെയ്യുന്നതാണ് ഒരു യഥാര്‍ഥ ഭരണാധികാരി ഉത്തരവാദിത്വമായി കാണുക' (മുസ്‌ലിം). യമനിലേക്ക് വിധികര്‍ത്താവായി പറഞ്ഞയച്ച സന്ദര്‍ഭത്തില്‍ തിരുദൂതര്‍ അനുചരനു നല്‍കുന്ന ഉപദേശങ്ങളില്‍ ഇങ്ങനെ വായിക്കാം: 'അല്ലാഹു താങ്കളുടെ ഹൃദയത്തിനു ശരിയായ മാര്‍ഗം കാണിച്ചുതരികയും നിങ്ങളുടെ നാവിനെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. രണ്ടു കക്ഷികള്‍ താങ്കളുടെ അരികില്‍ വന്നാല്‍ ഒരു കക്ഷിയില്‍ നിന്നും കേട്ടതുപോലെ മറുകക്ഷിയില്‍ നിന്നും കേള്‍ക്കുക. ഒരു മികച്ച തീരുമാനം കൈക്കൊള്ളുന്നതിന് അതു താങ്കളെ സഹായിക്കും' (അബൂദാവൂദ്).
'ജനങ്ങള്‍ക്ക് സേവനം ചെയ്യലാണ് ഭരണാധികാരിയുടെ ദൗത്യം. ഭൂമിയില്‍ അഹങ്കാരിയായി നടക്കുന്നവനു പരലോകമോക്ഷവും സൗഭാഗ്യവും അന്യമായിരിക്കും. ആ പാരത്രിക ഭവനം ഭൂമിയില്‍ അഹന്തയോ കുഴപ്പമോ ഉദ്ദേശിക്കാത്തവര്‍ക്കാണ് നാം നല്‍കുക' (അശ്ശുഅറാഅ്: 83) എന്ന വചനം വിസ്മരിക്കരുത്. പ്രവാചകന്‍ (സ) പറയാറുണ്ടായിരുന്നു: 'ഹൃദയത്തില്‍ അണുമണിത്തൂക്കം അഹന്തയുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'. അതിനാല്‍ ഭരണാധികാരിയും പരിവാരങ്ങളും വിനയാന്വിതരായി മാറാതെ തരമില്ല. സര്‍വാധികാരങ്ങളും നഷ്ടപ്പെട്ട് ഒന്നുമില്ലാതെ നാളെ അല്ലാഹുവിന്റെ മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ അവന്‍ ചോദിക്കും: 'ഇന്ന് ആര്‍ക്കാണ് അധികാരം' (ഗാഫിര്‍: 16). ഈ ചോദ്യം ഭരണസാരഥികള്‍ ഓര്‍ത്തുകൊണ്ടേയിരിക്കണം. ഒരു വാര്‍ഡിന്റെ മെംബറാകുമ്പോഴേക്കും സര്‍വാധിപതികളാകുന്ന പാവങ്ങളെക്കുറിച്ച് നമുക്കു സഹതപിക്കാം!
ജനങ്ങളെ വെറുപ്പിക്കാതെ വിനയത്തോടെ അവരുടെ ആവശ്യങ്ങല്‍ നിറവേറ്റുന്നതിനാണ് ഭരണാധികാരികള്‍ പരിഗണന നല്‍കേണ്ടത്. എതിരാളിയോടുള്ള വിദ്വേഷവും പ്രതികാരചിന്തയും പാടേ തുടച്ചുനീക്കണം. മാന്യനും തെറ്റുകള്‍ വിട്ടുകൊടുക്കുന്നവനുമാകണം. വിശ്വാസികളുടെ സ്വഭാവം വിശദീകരിച്ച് ഖുര്‍ആന്‍ പറഞ്ഞു: 'കോപം നിയന്ത്രിക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണവര്‍. സല്‍ക്കര്‍മം ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഇഷ്ടം' (ആലുഇംറാന്‍: 134). 'അവര്‍ മാപ്പു കൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യട്ടെ' (അന്നൂര്‍: 22).
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്കും നല്‍കിയ വാഗ്ദാനങ്ങളും പാലിക്കണം. ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ പിന്നെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളൊന്നും ആരുടെയും ഓര്‍മയിലുണ്ടാകില്ല. 'കരാര്‍ പാലിക്കണമെന്നും കരാറുകളെക്കുറിച്ചെല്ലാം ചോദിക്കപ്പെടുമെന്നും' ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അല്‍ ഇസ്‌റാഅ്: 34). നബി (സ) പറഞ്ഞു: 'അല്ലാഹു ഒരു ജനതയുടെ ചുമതല ഒരാളെ ഏല്‍പ്പിക്കുകയും അവരെ വഞ്ചിച്ചുകൊണ്ടാണ് അയാള്‍ മരണപ്പെടുകയും ചെയ്തതെങ്കില്‍, അല്ലാഹു അയാള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കുക തന്നെ ചെയ്യും'. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഗണ നല്‍കാത്തവന് അധികാരത്തിലിരിക്കാന്‍ യോഗ്യതയില്ല. നബി (സ) പറഞ്ഞു: 'മുസ്‌ലിംകളുടെ ചുമതല അല്ലാഹു ഒരാളെ ഏല്‍പ്പിക്കുകയും അവരുടെ ആവശ്യങ്ങളും പരാധീനതകളും ദാരിദ്ര്യവും അയാള്‍ കാണാതിരിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ അയാളുടെ ആവശ്യവും ദാരിദ്ര്യവും പരാധീനതയുമൊന്നും അല്ലാഹുവും കാണുകയില്ല' (അബൂദാവൂദ്, തിര്‍മിദി).
ഒന്നാം ഖലീഫയായി അധികാരം ഏറ്റെടുത്ത അബൂബക്കര്‍ (റ) പറഞ്ഞു: 'ജനങ്ങളെ, ഞാന്‍ നിങ്ങളുടെ അധികാരിയായി ചുമതലയേറ്റെടുത്തിരിക്കുന്നു. നിങ്ങളേക്കാള്‍ ഒട്ടും മേന്മ എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ നല്ലതു ചെയ്യുമ്പോള്‍ എന്നെ നിങ്ങള്‍ സഹായിക്കുക. ഞാന്‍ ചെയ്യുന്നത് തിന്മയാണെങ്കില്‍ എന്നെ നിങ്ങള്‍ തിരുത്തുക. നിങ്ങളിലെ ദുര്‍ബലന്‍ എന്റെയടുക്കല്‍ ബലവാനാണ്. നിങ്ങളിലെ ബലവാന്‍ എന്റെയടുക്കല്‍ ദുര്‍ബലനുമാണ്. ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാലത്തോളം നിങ്ങള്‍ എന്നെ അനുസരിക്കുക. ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതില്ല'.
അനിവാര്യതയുടെ പേരില്‍ അധികാരത്തിലെത്തിയ മുസ്‌ലിം വനിതകള്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നാം വിചാരണ ചെയ്യപ്പെടുമെന്ന കാര്യം വിസ്മരിക്കാതെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. സര്‍വോപരി നാടിന്റെ ഐക്യവും സമാധാനവും നിലനിര്‍ത്തി ജനങ്ങളെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ കഴിയണം. അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."