അസഹിഷ്ണുതയുടെ സംസ്‌കാരത്തെ അതിജീവിക്കാന്‍ കഴിയണം: മന്ത്രി
കൊല്ലം: രാജ്യത്തു വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ സംസ്‌കാരത്തെ അതിജീവിച്ചു മുന്നേറാന്‍ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ബീച്ചിലെ ഗാന്ധി പാര്‍ക്കില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അഹിംസയുടെ സന്ദേശം ലോകത്തിനു നല്‍കിയ രാഷ്ട്രപിതാവ് ഒടുവില്‍ വെടിയുണ്ടകള്‍ക്ക് ഇരയായത് രാജ്യം കണ്ടു. പക്ഷേ, ഹിംസയുടെയും അസഹിഷ്ണുതയുടെയും പ്രത്യയശാസ്ത്രത്തെ നേരിടാന്‍ നമുക്ക് ഇന്നും കരുത്തു പകരുന്നത് കാലാതിവര്‍ത്തിയായ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷം കേരളത്തില്‍ സംഘടിപ്പിക്കുന്നത്. പ്രളയബാധിതര്‍ക്ക് ആശ്വാസമേകുന്നതിനു സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഗാന്ധിയുടെ ദര്‍ശനങ്ങളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ യുവതലമുറ തയാറാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം. മുകേഷ് എം.എല്‍.എ പറഞ്ഞു. ജീവിതം തന്നെ തലമുറകള്‍ക്കു സന്ദേശമായി നല്‍കിയാണ് ഗാന്ധിജി കടന്നുപോയതെന്ന് ഗാന്ധിജയന്തിദിന സന്ദേശം നല്‍കിയ മേയര്‍ വി. രാജേന്ദ്രബാബു പറഞ്ഞു. ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് പ്രസക്തി ഏറിയ കാലമാണിതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം. നൗഷാദ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ഗാന്ധിയെക്കുറിച്ചുള്ള മലയാള കവിതകളുടെ സമാഹാരമായ 'പ്രണാമം' എസ്.എന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി നീരജ് നന്ദുവിനു നല്‍കി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് പോള്‍ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉമയനല്ലൂര്‍ ഗോവിന്ദരാജ് ഭാഗവതര്‍ സര്‍വമതപ്രാര്‍ഥന നടത്തി. മുന്‍ എം.എല്‍.എ ജി. പ്രതാപവര്‍മ തമ്പാന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എ.ഡി.എം ബി. ശശികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, തഹസില്‍ദാര്‍ അഹമദ് കബീര്‍, വിവിധ ഗാന്ധിയന്‍ സംഘടനകളുടെ പ്രതിനിധികളായ ജി.ആര്‍ കൃഷ്ണകുമാര്‍, പി.ഒ.ജെ ലബ്ബ, അയത്തില്‍ സുദര്‍ശന്‍, പ്രഫ. പൊന്നറ സരസ്വതി, പ്രൊഫ. ശാന്തകുമാരി, ഓമനക്കുട്ടി, കുരീപ്പുഴ ഷാനവാസ്, താമരക്കുളം സലീം, എ. മാത്യൂസ്, എം. തോമസ് കുട്ടി പങ്കെടുത്തു. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, നാഷനല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാര്‍, സ്‌കൗട്ട്‌സ് അംഗങ്ങള്‍, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രഭാതഭക്ഷണം വിതരണം ചെയ്തു
രാവിലെ ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസിനു മുന്നില്‍ എം. നൗഷാദ് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്ത ശാന്തിയാത്ര നഗരംചുറ്റി ബീച്ചില്‍ സമാപിച്ചു. എം. മുകേഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഗാന്ധിയന്‍ സംഘടനകളുടെ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിവിധ ഗാന്ധിയന്‍ സംഘടനകള്‍ എന്നിവ സംയുക്തമായാണു ഗാന്ധിജയന്തി വാരാഘോഷ പരിപാടികള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."