പ്ലാന്റ് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റിനെതിരേ തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രമേയം. ചേളാരി ഐ.ഒ.സി ബോട്ട്‌ലിങ് പ്ലാന്റ് ചേളാരിയില്‍നിന്ന് മാറ്റി സ്ഥാപിക്കുക, തൊഴിലാളികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതിയില്‍ 15-ാം വാര്‍ഡ്‌മെമ്പര്‍ കള്ളിയില്‍ സവാദാണ് പ്രമേയം അതരിപ്പിച്ചത്.
പഞ്ചായത്തംഗം എ.പി സലീം പ്രമേയത്തെ പിന്താങ്ങി.തേഞ്ഞിപ്പലം പഞ്ചായത്തിലെ പാണമ്പ്രയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയം. ഐ.ഒ.സി ചേളാരി പ്ലാന്റ് നാടിന്റെ ഉറക്കം കെടുത്തുകയാണ്. പാണമ്പ്രയില്‍ ടാങ്കര്‍ അപകടം നടന്ന സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഐ.ഒ.സി യുടെ ഭാഗത്തു നിന്ന് യാതൊരു സഹകരണവുമുണ്ടായില്ലെന്ന് മാത്രമല്ല ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഐ.ഒ.സി യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.
1992 ല്‍ കമ്പനി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 100 മെട്രിക്ട് ടണ്‍ സംഭരണ ശേഷിയുള്ള നാല് ടാങ്കുകളാണ് സ്ഥാപിച്ചത്. തുടര്‍ന്ന് എട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 150 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ആറ് ടാങ്കുകള്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ അനധികൃതമായി സ്ഥാപിച്ചു. 1992 ല്‍ കമ്പനി സ്ഥാപിച്ച 400 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ടാങ്കുകള്‍ 20 വര്‍ഷത്തിന് ശേഷം ഡി കമ്മീഷന്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. അതിന്റെ ഭാഗമായി 2012ല്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിയമ ലംഘനങ്ങളാണ് .
2000 മുതല്‍ അനധികൃത സംഭരണ ശേഷിയായ 900 അടക്കം 1300 മെട്രിക് ടണ്‍ സംഭരണശേഷിയോടെ പ്രവര്‍ത്തിക്കുന്ന കമ്പനി 2011- 12 ല്‍ 600 മെട്രിക് സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകള്‍ കൂടി സ്ഥാപിച്ച് ഗുരുതരമായ നിയമലംഘനമാണ് നടത്തിയതെന്ന് പഞ്ചായത്ത് പ്രമേയം ചൂണ്ടിക്കാട്ടുന്നു. 2011-12 ലെ മൗണ്ടേണ്‍ ടൈപ്പ് സംഭരണ ടാങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള അഴിമതി ഐ.ഒ.സി മാനേജര്‍ ഭാസ്‌കരന്‍, ഡെപ്യൂട്ടി മാനേജര്‍ തുളസീധരന്‍, കരാര്‍ നേടിയ കമ്പനി തുടങ്ങിയവര്‍ക്കെതിരേ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതായി വിവരമുണ്ടെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.
ഈയൊരു സാഹചര്യത്തില്‍ ഭാവി കാര്യങ്ങളെക്കുറിച്ച് വിശദ പഠനം നടത്താനും തുടര്‍ നടപടികള്‍ക്കുമായി അഞ്ചംഗ ഉപസമിതിയും പഞ്ചായത്ത് രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."