മാധ്യമപ്രവര്‍ത്തകന്‍ പ്രദീപിന്റെ മരണം: ദുരൂഹതയില്ലെന്ന് പൊലിസ് അപകടമരണമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലിസ്. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് നിഗമനം. ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകള്‍ നീക്കാന്‍ അന്വേഷണം വ്യാപിപ്പിച്ചു.
എന്നാല്‍, എസ്.വി പ്രദീപിന്റെ ഭാര്യ ഡോ. ശ്രീജ പ്രദീപ് പൊലിസിന്റെ നിലപാട് തള്ളി. അടുത്തിടെ ചെയ്ത വാര്‍ത്തകളുമായി ബന്ധപ്പെട്ട് പ്രദീപിന് ഭീഷണിയുണ്ടായിരുന്നെന്നും ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചാല്‍ ഒരുപക്ഷേ യഥാര്‍ഥ പ്രതികളെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീജ പറഞ്ഞു. പൊലിസ് കണ്ടെത്തിയിരിക്കുന്നത് യഥാര്‍ഥ പ്രതിയെ അല്ലെന്നും മരണം നടക്കുന്നതിനുമുന്‍പ് പ്രദീപ് വല്ലാത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി തോന്നിയിരുന്നെന്നും ചോദിച്ചപ്പോള്‍ ഒന്നും വിട്ടു പറഞ്ഞില്ലെന്നും ശ്രീജ പറഞ്ഞു.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വച്ച് പ്രദീപിനെ ഇടിച്ചിട്ട ലോറി ദേഹത്ത് കയറിയിറങ്ങുകയും നിര്‍ത്താതെ പോവുകയും ചെയ്തതോടെ ദുരൂഹത ഉയര്‍ന്നിരുന്നു. അപകടത്തില്‍ സംശയവുമായി ബന്ധുക്കള്‍ രംഗത്തുവന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനം കണ്ടെത്തിയതും ഡ്രൈവറെ പിടികൂടിയതും. നടന്നത് വാഹനാപകടമാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് നിഗമനം. ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പൊലിസ് ശേഖരിച്ചു.
വ്യക്തത വരുത്താന്‍ കഴിഞ്ഞ ദിവസം കൂടുതല്‍ സാക്ഷികളുടെ മൊഴിയെടുത്തു. ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവും കൂടുതല്‍ നടപടിയെന്നും പൊലിസ് പറഞ്ഞു. ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് അപകട ശേഷം ലോറി നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവര്‍ ജോയിയുടെ മൊഴി. എന്നാല്‍ അപകടം നടന്നത് അറിഞ്ഞില്ലെന്നാണ് വാഹന ഉടമ പറഞ്ഞത്.
മൊഴികളിലെ ഈ വൈരുധ്യം പൊലിസ് പരിശോധിക്കും. വട്ടിയൂര്‍ക്കാവില്‍ നിന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന എം സാന്‍ഡ് വെള്ളായണിയില്‍ ഇറക്കിയ ശേഷം മറ്റൊരു വഴിയിലൂടെയാണ് ഡ്രൈവര്‍ പേരൂര്‍ക്കടയിലേക്ക് പോയത്. ഈ വിവരങ്ങളെല്ലാം പൊലിസ് വിശദമായി പരിശോധിക്കും. അറസ്റ്റിലായ ഡ്രെവര്‍ ജോയിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."