ഡീസല്‍ വില വര്‍ധനവ്: നഷ്ടത്തിലായ ബോട്ടുകള്‍ പൊളിച്ച് വില്‍ക്കാനൊരുങ്ങുന്നു
പൊന്നാനി: ഡീസല്‍ വിലക്കയറ്റവും മീന്‍ കുറഞ്ഞതുംമൂലം തീരദേശ മേഖല പട്ടിണിയിലായതോടെ ബോട്ടുകള്‍ കടലില്‍ പോകാതെയായി. പലരും ബോട്ടുകള്‍ പൊളിച്ചുവില്‍ക്കാനുള്ള ഒരുക്കത്തിലാണ്. ബോട്ടുകള്‍ വാങ്ങാന്‍ ആളുകള്‍ തയാറാകാത്തതോടെ കിട്ടിയ വിലക്ക് ബോട്ടുകള്‍ പൊളിച്ചുവില്‍ക്കുകയാണ് നല്ലതെന്ന് പൊന്നാനിയിലെ ബോട്ടുടമയായ ഹംസത്ത് പറയുന്നത്. 12 ഓളം ബോട്ടുകളാണ് പൊന്നാനിയില്‍ മാത്രം പൊളിച്ചു വില്‍ക്കാന്‍ തുടങ്ങുന്നത്. വാങ്ങാനാള്‍ വന്നാല്‍ പൊളിക്കാതെ തന്നെ വില്‍ക്കും. പക്ഷെ പ്രതീക്ഷയില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. ഡീസലിന്റെ അടിക്കടിയുള്ള വില വര്‍ധനവ് ബോട്ടുടമകളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.
ട്രോളിങ് നിരോധനത്തിനുശേഷം ഏറെ പ്രതീക്ഷയോടെയാണ് ജില്ലയിലെ ബോട്ടുകള്‍ കടലിലില്‍ ഇറങ്ങിയതെങ്കിലും വലിയ മീനുകള്‍ ലഭിക്കുന്നില്ല. സാധാരണ ഗതിയില്‍ കൂന്തളും വലിയ ചെമ്മീനും ലഭിക്കാറുണ്ടെങ്കിലും ഈ സീസണില്‍ വലിയ മീനുകള്‍ ഇതുവരെ ലഭിച്ചില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കിലോയ്ക്ക് പ്രാദേശികചന്തകളില്‍ 50 രൂപ മുതല്‍ 80 രൂപ വരെ ലഭിക്കുന്ന മാന്തള്‍, കിളിമീന്‍ തുടങ്ങിയവ മാത്രമാണ് കിട്ടുന്നത്. വലിയ വള്ളങ്ങള്‍ക്ക് അയല, മത്തി, ചെമ്പല്ലി തുടങ്ങിയവ പേരിന് മാത്രമാണ് കിട്ടുന്നത്. ഇതില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ അവസ്ഥയിലുമാണ്.
ബോട്ടുകള്‍ കടലിലിറങ്ങി തിരിച്ചെത്തുമ്പോഴേക്കും 50,000 രൂപയോളമാണ് ഇന്ധനച്ചെലവിന് മാത്രമായി മാറ്റിവെക്കേണ്ടിവരുന്നത്. വലിയ ബോട്ടുകള്‍ ദിവസങ്ങളോളം കടലില്‍ തങ്ങിയാണ് മീന്‍ പിടിക്കുന്നത്. പലപ്പോഴും ഇന്ധനച്ചെലവുപോലും തിരികെപ്പിടിക്കാന്‍ കഴിയാതെ ലക്ഷങ്ങളുടെ കടബാധ്യതയാണ് ഡീസല്‍ വിലവര്‍ധന മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയോളം കടലില്‍ പാര്‍ക്കുന്ന ബോട്ടുകള്‍ക്ക് ആയിരം ലിറ്റര്‍ ഡീസലാണ് ശരാശരി വേണ്ടത്. മൂന്ന് ദിവസം നില്‍ക്കുന്ന ബോട്ടുകള്‍ക്കാകട്ടെ 300 മുതല്‍ 400 ലിറ്റര്‍ വരെ ഡീസലടിക്കണം. ചെറുബോട്ടുകള്‍ക്ക് 80 ലിറ്റര്‍ ദിവസവും ആവശ്യമാവും. എന്നാല്‍ ഡീസല്‍ ചിലവും തൊഴിലാളികള്‍ക്കുള്ള കൂലിയും കിഴിക്കുമ്പോള്‍ ബോട്ടുകള്‍ കനത്ത നഷ്ടത്തിലാണ്. ഇതാണ് ഭൂരിഭാഗം ബോട്ടുകളും കടലിലിറക്കാതിരിക്കുന്നത്. ബോട്ടുകളില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന കുടുംബങ്ങളെയാണ് ഇത് ദോഷകരമായി ബാധിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."