സൗഭാഗ്യം സ്വപ്നംകണ്ട് ആഭിചാരക്രിയ; അതിമോഹത്തില്‍ പൊലിഞ്ഞ ജീവിതം
ചെന്നൈ: കോടതി വിധി മറികടക്കാനായി പലവഴികളും ആലോചിച്ചു. എന്നാല്‍ തനിക്ക് കല്‍പ്പിച്ചതൊന്നും പാഴാകില്ലെന്ന് കോടതി വിധിയിലൂടെ ശരവണഭവന്‍ ഉടമ പി. രാജഗോപാല്‍ തിരിച്ചറിഞ്ഞു. അവസാനം സമാനതകളില്ലാതെ വെട്ടിപ്പിടിച്ച ജീവിതത്തിനുടമയായ അദ്ദേഹം അതിമോഹത്തിന്റെ ഇരയായി.
സൗഭാഗ്യം സ്വപ്നം കണ്ട് ആഭിചാരക്രിയ നടത്തിയും പണത്തിന്റെ പിന്‍ബലത്തില്‍ ഭീഷണിപ്പെടുത്തിയും യുവതിയെ സ്വന്തമാക്കാനുള്ള മോഹമാണ് അദ്ദേഹത്തെ ജയിലഴിക്കുള്ളിലെത്തിച്ചത്. രാജഗോപാലിന്റെ ഹോട്ടല്‍ ശൃംഖലയിലെ ജീവനക്കാരനായ രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ സ്വന്തമാക്കിയാല്‍ സൗഭാഗ്യമുണ്ടാകുമെന്നുള്ള ജ്യോതിഷിയുടെ വാക്കുകളാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മടിപ്പാക്കം സ്വദേശിയായ രവിയെന്ന ജ്യോതിഷിയുടെ വാക്കുകളാണ് എന്നും എപ്പോഴും രാജഗോപാലിനെ നയിച്ചിരുന്നത്.
ഇതേ തുടര്‍ന്നാണ് ജീവജ്യോതിയെ വിവാഹം കഴിക്കാനുള്ള ശ്രമം തുടങ്ങിയത്. ജീവജ്യോതിയുടെ സൗന്ദര്യത്തേക്കാള്‍ ഉപരി അവളെ വിവാഹം കഴിച്ചാല്‍ വന്നുചേരുന്ന സൗഭാഗ്യത്തിലായിരുന്നു രാജഗോപാലിന്റെ ചിന്തമുഴുവന്‍. എന്ത് വിലകൊടുത്തും ജീവജ്യോതിയെ സ്വന്തമാക്കുകയെന്നതായിരുന്നു രാജഗോപാലിന്റെ ശ്രമം. എന്നാല്‍ ഈ വിവാഹത്തിന് ജീവജ്യോതിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. പകരം യുവതി വിവാഹം കഴിച്ചത് പ്രിന്‍സ് ശാന്തകുമാര്‍ എന്ന ആളെയായിരുന്നു. രാമസ്വാമിയുടെ മകന് ട്യൂഷന്‍ നല്‍കിയ അധ്യാപകനായിരുന്നു പ്രിന്‍സ് ശാന്തകുമാര്‍. ഇയാളുമായി ജീവജ്യോതി പ്രണയത്തിലായിരുന്നു. സാമ്പത്തികമായി അത്രമെച്ചമല്ലാതിരുന്ന ശാന്തകുമാറിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതിയുടെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും 1999ല്‍ വിവാഹിതരായി.
എന്നാല്‍ സാമ്പത്തിക പ്രയാസം കാരണം എന്തെങ്കിലും ബിസിനസ് തുടങ്ങാനായി ഇവര്‍ രാജഗോപാലിനെ സമീപിച്ചു. ഈ അവസരം മുതലെടുത്ത് രാജഗോപാല്‍ ഇവര്‍ക്ക് പണം നല്‍കി സഹായിച്ചു. പ്രിന്‍സിനെ ഉപേക്ഷിച്ച് തിരികെയെത്താന്‍ രാജഗോപാല്‍ പലവഴിക്ക് സമ്മര്‍ദം ചെലുത്തി. എന്നാല്‍ ഈ പ്രലോഭനത്തിലൊന്നും ജീവജ്യോതി വീണില്ല.
തുടര്‍ന്ന് ജീവജ്യോതിയെ സ്വന്തമാക്കാനായി ആഭിചാരക്രിയകള്‍ നടത്തി. പലതരത്തിലുള്ള ഭീഷണികളും ഇതിനിടയിലുണ്ടായി. ഭീഷണി ശക്തമായതോടെ ദമ്പതികള്‍ തിരുചെണ്ടൂരിലേക്ക് ഒളിച്ചോടി.
ഇവിടെയെത്തിയും ഇയാളുടെ ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തി. പ്രിന്‍സിനെ ഗുണ്ടകളെ വിട്ട് മര്‍ദിച്ചു. പിന്നീട് 2001ല്‍ യുവാവിനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ജീവജ്യോതി പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2001 ഒക്ടോബര്‍ മൂന്നിന് കൊടൈക്കനാലിലെ ടൈഗര്‍ ചോള വനത്തില്‍ ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാടക കൊലയാളികളെ ഉപയോഗിച്ചാണ് പ്രിന്‍സിനെ കൊലപ്പെടുത്തിയതെന്നും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതോടെ രാജഗോപാലിനെതിരായ കേസ് മുറുകുകയും അദ്ദേഹം ഇരുമ്പഴിക്കുള്ളിലാവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."