മത പണ്ഡിതന്മാരുടെ അഭിപ്രായം തേടാതെയുള്ള കോടതി ഇടപെടലുകള്‍ ആശങ്കാജനകം: എസ്.വൈ.എസ്
മലപ്പുറം: ശബരി മലയില്‍ സ്ത്രീകള്‍ക്ക് പ്രായ ഭേദമന്യേ പ്രവേശനം നല്‍കാന്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന്റെ മറപിടിച്ച് മുസ്്‌ലിം സ്ത്രീകളെ ജുമുഅ ജമാഅത്തുകള്‍ക്ക് വേണ്ടി പള്ളിയിലേക്ക് കൊണ്ടുവരാനും അതിനായി പള്ളിവാതിലുകള്‍ തുറന്ന് കൊടുക്കാനും ആവശ്യപ്പെടുന്ന ഉല്‍പതിഷ്ണുക്കള്‍ ഫാഷിസ്റ്റു ഭരണകാലത്ത് തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന കാര്യം മറക്കരുതെന്നും പ്രാമാണിക പിന്‍ബലമില്ലാത്തൊരു കാര്യം കോടതി മുഖേന നടപ്പാക്കാന്‍ കഴിയുമെന്നു മോഹിക്കുന്നത് വ്യര്‍ത്ഥമാണെന്നും മതപരമായി വിഷയങ്ങളില്‍ മതപണ്ഡിതന്മാരുടെ അഭിപ്രായം തേടാതെയുള്ള കോടതി ഇടപെടലുകള്‍ ആശങ്കജനകമാണെന്നും സുന്നി മഹലില്‍ നടന്ന ഷാര്‍പ്പ് 1440 ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
പ്രസ്തുത കാര്യങ്ങള്‍ക്കും മറ്റും സ്ത്രീകളെ കൊണ്ടു പോകാന്‍ സ്വാതന്ത്ര്യവും അധികാരവുമുള്ള ആരാധനാലയങ്ങള്‍ സ്വന്തമായി ധാരാളം ഉണ്ടായിരിക്കെ മദ്ഹബുകളെ അംഗീകരിക്കുന്ന മുന്‍ഗാമികള്‍ വഖ്ഫായി സമര്‍പ്പിച്ച പള്ളികള്‍ തുറന്ന് കിട്ടണമെന്ന ആവശ്യം തന്നെ മൗഢ്യമാണെന്നും ക്യാംപ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ പതാക ഉയര്‍ത്തി. കെ.സി മുഹമ്മദ് ബാഖവി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന സന്ദേശം നല്‍കി. സലീം എടക്കര, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കാടാമ്പുഴ മൂസ ഹാജി സംസാരിച്ചു. സയ്യിദ് ബി.എസ്.കെ തങ്ങള്‍, സി അബുല്ല മൗലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.എച്ച് ത്വയ്യിബ്‌ഫൈസി, സി.എം കുട്ടി സഖാഫി, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, അബ്ദുറഹീം ചുഴലി, സി.കെ ഹിദായത്തുല്ലാഹ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."