ആന്തൂര്‍: ഉദ്യോഗസ്ഥരെയും വെള്ളപൂശി സര്‍ക്കാര്‍
കൊച്ചി: ആന്തൂരില്‍ സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഗരസഭയ്ക്ക് വീഴ്ചയില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചതിനൊപ്പം ഉദ്യോഗസ്ഥരെയും സംരക്ഷിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
വിഷയത്തില്‍ നഗരസഭയ്ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മരണപ്പെട്ട സാജനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് സാജന്‍ കെട്ടിടം നിര്‍മിച്ചതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നിര്‍മാണത്തിലെ അപാകതകളാണ് അനുമതി നിഷേധിക്കുന്നതിനു കാരണമായതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
സ്ലാബും തൂണും കോണ്‍ക്രീറ്റ് ഉപയോഗിച്ചു നിര്‍മിക്കാനാണ് നഗരസഭ അനുമതി നല്‍കിയത്. ഉരുക്കുതൂണുകളും മേല്‍ക്കൂരയ്ക്ക് ഷീറ്റും ഉപയോഗിച്ചു. കെട്ടിടത്തിന്റെ ഘടനമാറ്റിയത് നഗരസഭയെ അറിയിച്ചില്ല. അംഗീകരിച്ച പ്ലാന്‍ പലപ്രാവശ്യം സ്വന്തം നിലയ്ക്ക് തിരുത്തിയെന്നും നഗരസഭയോട് അനുമതി തേടിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ടൗണ്‍ ചീഫ് പ്ലാനറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ട്പ്രകാരം കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അംഗീകരിച്ച പ്ലാന്‍ തന്നെ രണ്ടു തവണ മാറ്റങ്ങള്‍ വരുത്തിയതിനാല്‍ തിരിച്ചയക്കേണ്ടിവന്നുവെന്നും കോണ്‍ക്രീറ്റ് നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി വാങ്ങിയ ശേഷം സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണം ചട്ടലംഘനമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്നും നിര്‍മാണത്തിലെ അപാകതകളടക്കം പലപ്പോഴായി അപേക്ഷകനെ അറിയിച്ചിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് തദ്ദേശ ഭരണവകുപ്പ് മറുപടി സത്യവാങ്മൂലം നല്‍കിയത്. മരിച്ച സാജന്റെ ഭാര്യാപിതാവായ പാലോളി പുരുഷോത്തമനാണ് കെട്ടിടത്തിന് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അപേക്ഷകന്റെ ഭാഗത്തുനിന്ന് നിയമലംഘനങ്ങളും വീഴ്ചകളും ഉണ്ടായി. സ്ഥലപരിശോധനയിലും പ്ലാന്‍ തയാറാക്കുന്നതിലും പിഴവ് പറ്റി. അംഗീകരിച്ച പ്ലാനില്‍ കൃത്യമായ അനുമതി വാങ്ങാതെ മാറ്റം വരുത്തി. ടൗണ്‍ പ്ലാനിങ് വിഭാഗം വരുത്തിയ പിഴവുകള്‍ നഗരസഭയുടെ അന്തിമാനുമതി വൈകാന്‍ കാരണമായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആളുകള്‍ കൂട്ടത്തോടെ വരുന്ന സ്ഥലമായതിനാല്‍ ഏറെ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും സത്യവാങ്മൂലത്തിലുണ്ട്. സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളിലെ മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്നും നഗരസഭാ ഉദ്യോഗസ്ഥര്‍ നിയമങ്ങളനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."