കുടിവെള്ള പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കണം: ജില്ലാ വികസന സമിതി
കോട്ടയം: കോട്ടയത്തും പരിസരങ്ങളിലുമുളള കുടിവെള്ള സംവിധാനത്തിലെ അപാകത പരിഹരിക്കണമെന്ന് ഇന്നലെ ചേര്‍ന്ന ജില്ലാ വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു. മോസ്‌കോ കവല മുതല്‍ കൊശമറ്റം വരെയുളള റോഡ് ഉടനടി നന്നാക്കണം, പൈപ്പ് റിപ്പയര്‍ ചെയ്യണം. ഓപ്പറേറ്റര്‍മാരുടെ യോഗം വിളിച്ച് എല്ലാവര്‍ക്കും കുടിവെള്ളം കൃത്യമായി എത്തിക്കാനുളള നടപടി ജലവിഭവ വകുപ്പ് എടുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു.
കോട്ടയം നഗരം വിജയപുരം, മീനടം, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പേരൂരില്‍ നിര്‍മിച്ചു വരുന്ന കിണറിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് . ഇക്കാര്യം പരിശോധിച്ച് അടുത്ത ജില്ലാ വികസന സമിതിയില്‍ ചീഫ് എഞ്ചിനീയര്‍ വിശദമായ റിപ്പോര്‍ട്ടു നല്‍കുകയും അടുത്ത ആഴ്ച ജലവിഭവ വകുപ്പിന്റെ പ്രത്യേക യോഗം ചേരണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ഷിക പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ പദ്ധതികള്‍ ഉടന്‍ തന്നെ സുലേഖ സോഫ്റ്റ്‌വെയര്‍ വഴി എന്റര്‍ ചെയ്യണം.
മുവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ആദ്യപ്ലാന്‍ പ്രകാരം തന്നെ പ്രവര്‍ത്തികള്‍ ചെയ്യണമെന്നും വികസന സമിതി. അതിരമ്പുഴ ചന്തകുളത്തലേയ്ക്ക് പൈപ്പിട്ട് വെള്ളം കടത്തിവിടാനുളള സൗകര്യം ഉണ്ടാക്കണമെന്ന് കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ നിര്‍ദ്ദേശിച്ചു. കൂടാതെ നിര്‍ത്തിവച്ച പാലാ-ഓണംതുരുത്ത് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടത്തുകടവ് പാലം നിര്‍മ്മാണം ഉടന്‍ ആരംഭി്ക്കണം, അറുപറപാലത്തിന്റെ സംരക്ഷണഭിത്തി നിര്‍മ്മിയ്ക്കണം, അയ്മനം- ആര്‍പ്പൂക്കര എന്നീ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ വൈദ്യുതി സംവിധാനം കുറ്റമറ്റതാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിര്‍മ്മാണത്തിനായി സോഷ്യല്‍ ഇംപാക്റ്റ് പഠനം ഉടന്‍ നടത്തണം.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ ഡിപിആര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടി എടുക്കണം. കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ ജല അപര്യാപ്തത പരിഹരിക്കണം. മണിമലയാറിന്റെ തീരങ്ങളില്‍ അപകടം അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ജില്ലാ വികസന സമിതിയില്‍ എന്‍. ജയരാജ് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പണം മാറി നല്‍കാനുളള നടപടി ഉണ്ടാകണം. ഇല്ലിക്കല്‍-വാഗമണ്‍ പ്രദേശങ്ങളില്‍ ടൂറിസ സാധ്യത വര്‍ദ്ധിക്കുന്നതിനാല്‍ ഈരാറ്റുപേട്ടയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിയ്ക്കാന്‍ നടപടി എടുക്കണമെന്നും ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ റ്റി. എം. റഷീദ് നിര്‍ദ്ദേശിച്ചു.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സു ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. അജന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ റ്റി. വി സുഭാഷ്, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എച്ച് ഹനീഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തുടര്‍ന്ന് പ്ലാന്‍ സ്‌പെയ്‌സ് അവലോകനം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."