കര്‍ദിനാളിനെതിരേ പ്രത്യക്ഷസമരവുമായി വിമതവിഭാഗം വൈദികര്‍
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പ്രത്യക്ഷ സമരവുമായി വിമതവിഭാഗം വൈദികര്‍ രംഗത്ത്. ഇന്നലെ ഉച്ചമുതല്‍ ബിഷപ് ഹൗസിലാണ് വിമത വൈദികര്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുന്നത്.
ഫാ. ജോസഫ് പാറേക്കാട്ടിലാണ് വിമതവിഭാഗം വൈദികര്‍ക്കായി ഉപവാസം ആരംഭിച്ചത്. ഉപവാസത്തിനൊപ്പം വിമതവിഭാഗം വൈദികര്‍ പ്രാര്‍ഥനാ യജ്ഞവും ആരംഭിച്ചിട്ടുണ്ട്. സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതുവരെ ഉപവാസസമരം തുടരുമെന്നും വിമതവിഭാഗം വൈദികനായ ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.
പ്രധാനമായും അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിമതവിഭാഗം ഉപവാസ സമരം നടത്തുന്നത്. വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങള്‍ ഉടന്‍ ചര്‍ച്ച നടത്തുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുന്ന കര്‍ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റുക, ഓഗസ്റ്റിലെ സിനഡ് മാര്‍പാപ്പയുടെ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചേരുക, അതിരൂപതയ്ക്ക് സ്വീകാര്യനായ പൂര്‍ണസ്വതന്ത്ര ചുമതലയുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂര്‍ണ അധികാര ചുമതലകളോടെ തിരിച്ചെടുക്കുക എന്നിവയാണ് വിമതവിഭാഗത്തിന്റെ ആവശ്യങ്ങള്‍.
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ അന്വേഷണം പൊലിസ് കൂടുതല്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മൂണ്ടാടനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും വൈദിക സമിതി യോഗത്തിന്റെ മിനുട്ട്‌സ് പൊലിസ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരായ ഏകദേശം 200 വൈദികര്‍ ഇന്നലെ രാവിലെ അതിരൂപതാ ആസ്ഥാനത്തെത്തി യോഗം ചേര്‍ന്നു.
യോഗത്തില്‍ വ്യാജ രേഖയുമായി ബന്ധപ്പെട്ട് കൂടുതല്‍ വൈദികരെയും അല്‍മായരെയും അന്വേഷണസംഘം പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു പ്രധാനമായും ചര്‍ച്ച.
ഇതിനിടയില്‍ യോഗത്തിലേക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെത്തി. തുടര്‍ന്ന് വൈദികര്‍ കര്‍ദിനാളിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചുവെങ്കിലും കര്‍ദിനാള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് വൈദികര്‍ പറയുന്നത്.
തുടര്‍ന്ന് കര്‍ദിനാള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിനു ശേഷമാണ് ഒരു വിഭാഗം വൈദികര്‍ ആസ്ഥാന മന്ദിരത്തിനുള്ളിലെ ഹാളില്‍ ഉപവാസസമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."